ബെൻസ് കാറിൽ ഹൈബ്രിഡ് കഞ്ചാവുകടത്തൽ; മൂന്നുപേർ പിടിയിൽ

അഹമ്മദാബാദ്: പോലീസിന്റെ കണ്ണുവെട്ടിക്കാൻ ആഡംബര കാറിൽ ലഹരിമരുന്ന് കടത്തി വിൽപന നടത്തിവന്ന സംഘത്തെ പിടികൂടി ഗുജറാത്ത് പോലീസ്. അഹമ്മദാബാദിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ഒരു ലക്ഷ്വറി കാറിന്റെ സ്ഥിരമായ യാത്രയിൽ പന്തികേട് തോന്നിയ പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. പുതുവത്സരാഘോഷങ്ങൾക്കായി വിതരണം ചെയ്യുന്നത് ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

സംഘത്തിലെ പ്രധാനി ഒളിവിലാണ്. 432 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്  പിടിച്ചെടുത്തത്, ഇതിന് 15.12 ലക്ഷം രൂപ വിലവരും. ഡിസംബർ 31-ന് അഹമ്മദാബാദിലും സമീപ പ്രദേശങ്ങളിലെ ഫാംഹൗസുകളിലും നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർട്ടികളിലേക്ക് വിതരണം ചെയ്യാനാണ് ഇവ കൊണ്ടുവന്നത് എന്നാണ് പ്രതികളുടെ മൊഴി. പോലീസിന്റെ സംശയം ഒഴിവാക്കുന്നതിനായാണ് മെഴ്‌സിഡസ് കാർ ഉപയോഗിച്ചതെന്നും ഇവർ പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഷേല- ഭോപ്പാൽ റോഡിലെ ആപ്പിൾവുഡ് വില്ലാസിലെ താമസക്കാരനായ അർചിത് അഗർവാൾ എന്നയാളെ ചുറ്റിപ്പറ്റി പ്രത്യേകം നിരീക്ഷണം ആരംഭിച്ചത്. തായ്‌ലൻഡിൽനിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിക്കുകയും ഇന്ത്യയിൽ ഇറക്കുമതിയും വിതരണവും ചെയ്യുകയും ചെയ്യുന്നവരിൽ പ്രധാനിയാണ് ഇയാൾ.

പോലീസിന്റെ സംശയം ഒഴിവാക്കാൻ മെഴ്‌സിഡസ് കാറാണ് ഇയാൾ ചരക്ക് വിതരണത്തിന് ഉപയോഗിച്ചിരുന്നത്. ഡീൽ ഉറപ്പിച്ച് വീട്ടിൽനിന്നു കാറിൽ ഡ്രൈവർക്കൊപ്പം ലഹരിയുമായി പുറപ്പെടുന്ന അഗർവാൾ, നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോൾ ചരക്കുമായി ഡ്രൈവറെ കാറിൽനിന്ന് ഇറക്കും. ശേഷം കാറോടിച്ച് പോകും. ചരക്കുമായി നിൽക്കുന്ന ഡ്രൈവറുടെ അടുത്തേക്ക് ആവശ്യക്കാർ എത്തുകയും സാധനം വാങ്ങി പോവുകയും ചെയ്യുന്നതായിരുന്നു പതിവ്.

ഓരോ യാത്രയ്ക്കും 10,000 രൂപവീതമാണ് ഇയാൾ ഡ്രൈവർക്ക് കൊടുത്തിരുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അഗർവാളിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവന്ന സംസ്ഥാന നിരീക്ഷണ വിഭാഗത്തിലെ ഒരു സ്വകാര്യ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ ലക്ഷ്വറി കാറിൽ പുറത്തിറങ്ങുന്നത് കണ്ടു. അയാൾക്കൊപ്പം ചിൻമയ് സോണി എന്നയാളും ഡ്രൈവർ രാഹുൽ ഭഡോരിയയും ഉണ്ടായിരുന്നു. ഇതോടെ പുതിയ ഡീലിനുള്ള ഒരുക്കമാണെന്ന് മനസിലാക്കിയ പോലീസ് ഇവരെ പിന്തുടർന്നു.

ആപ്പിൾവുഡ് വില്ലാസിൽ നിന്ന് അൽപം അകലെയായി ഡ്രൈവർ ഭഡോരിയെ ഇറക്കിയശേഷം അഗർവാളും സോണിയും കാറോടിച്ച് പോയി. കൈയിൽ ഒരു പൊതിയുമായി നിന്നിരുന്ന ഭഡോരിയുടെ അടുത്തേക്ക് ഉടൻതന്നെ രണ്ടുപേർ എത്തുകയും പൊതി കൈപ്പറ്റുകയും ചെയ്തു. ഇത് ക്യാമറിയിൽ പകർത്തിയ പോലീസ് പിന്നാലെ മൂവരെയും അറസ്റ്റുചെയ്തു.

രവി മർകൻ, ദർശൻ പരീഖ് എന്നിവരാണ് കഞ്ചാവ് കൈപ്പറ്റാനായി എത്തിയിരുന്നത്. ഇവർ പോലീസിന്റെ പിടിയിലായതിന് പിന്നാലെ അഗർവാൾ ഒളിവിൽപോയി. ഇയാളെ കണ്ടെത്താനും മറ്റ് കണ്ണികളെ കണ്ടെത്താനുമുള്ള അന്വേഷണത്തിലാണ് പോലീസ്. കഞ്ചാവ് ഉൾപ്പെടുത്തി പാർട്ടി നടത്തുന്ന സംഘാടകർ, ഇവരുടെ ഉപഭോക്താക്കൾ എന്നിവരടങ്ങിയ വലിയ ഒരു ശൃംഖലയെ തിരിച്ചറിയേണ്ടതുണ്ടെന്നും ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!