ആലപ്പുഴ: ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജേന മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൂറോളം സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 45-കാരനായ തട്ടിപ്പുകാരൻ ചേർത്തല പൊലീസിന്റെ പിടിയിൽ. വയനാട് സ്വദേശിയായ ബിജു ആന്റണിയാണ് പൊലീസിന്റെ വലയിലായത്.
വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വയലാറിൽ സുരേഷ് എന്നും മഞ്ചേരിയിൽ രാജേഷ് എന്നും പേരുമാറ്റി സ്ത്രീകളെ വലയിലാക്കി വഞ്ചിക്കുന്നതായിരുന്നു ഇയാളുടെ രീതി.
ആലപ്പുഴ വയലാർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ചേർത്തല പൊലീസ് അതിസാഹസികമായി പ്രതിയെ വലയിലാക്കിയത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട വയലാർ സ്വദേശിനിയെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വിദേശത്തടക്കം ജോലി വാഗ്ദാനം നൽകി വിവാഹം കഴിക്കുകയും, പിന്നീട് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു.
സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് വലിയൊരു തട്ടിപ്പ് പരമ്പരയുടെ ചുരുളഴിഞ്ഞത്. വിവാഹപ്രായം കഴിഞ്ഞവരും, വിവാഹമോചിതരും, സാമ്പത്തിക ഭദ്രതയുള്ളവരുമായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡോക്ടർ, ഉയർന്ന ഉദ്യോഗസ്ഥൻ, എൻജിനീയർ തുടങ്ങിയ ആകർഷകമായ വേഷങ്ങളണിഞ്ഞ് മാട്രിമോണിയൽ പ്രൊഫൈലുകൾ ഉണ്ടാക്കിയ ശേഷമാണ് തട്ടിപ്പ്.
വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ രേഖകളും ഇയാൾ നിർമ്മിച്ചിരുന്നു. വിവാഹം കഴിച്ചും, അല്ലാതെ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചും ഇയാൾ സ്ത്രീകളിൽ നിന്ന് കോടികളുടെ പണവും കവർന്നു. തട്ടിപ്പിനിരയായ ഭൂരിഭാഗം സ്ത്രീകളും നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകാൻ മടിച്ചതാണ് ഇയാൾക്ക് ആവർത്തിച്ച് കുറ്റം ചെയ്യാൻ തണലായത്.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ചേർത്തല പൊലീസ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസുകളുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഇയാൾ എവിടെയൊക്കെ നിക്ഷേപിച്ചു എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
