വില്ലൻ മുട്ടയിലെ സാൽമോണല്ല ബാക്ടീരിയ, തുറന്നുവെക്കുന്തോറും പെരുകുന്നു; മയോണൈസ് കഴിക്കുമ്പോള്‍ സൂക്ഷിക്കുക

ഭക്ഷ്യവിഷബാധയേറ്റ് തൃശൂരിൽ 56കാരി മരിച്ചതിന് പിന്നാലെ അറേബ്യൻ വിഭവമായ മയോണൈസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ് ആണ് ഉസൈബ എന്ന വീട്ടമ്മയുടെ ജീവനെടുത്തത്. അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിലേക്ക് ചേക്കേറിയ വിഭവങ്ങളാണ് കുഴിമന്തിയും ഷവർമയുമൊക്കെ.

സ്വാദിഷ്ടമായ വിഭവങ്ങൾക്ക് കേരളത്തിൽ വൻ ഡിമാന്റ് ആണെങ്കിലും ഇവയൊടൊപ്പമുള്ള മയോണൈസ് അൽപം അപകടകാരിയാണ്.  ഫ്രഷ് ആയാണ് മയോണൈസ് ഉപയോഗിക്കേണ്ടത്. എണ്ണ, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങാനീര്, വിനാഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

ശരിയായ രീതിയിൽ അല്ലാതെ മയോണൈസ് ഉണ്ടാക്കുന്നതും സംഭരണം കൃത്യമല്ലാതെ ആകുമ്പോഴുമാണ് മയോണൈസ് വില്ലനാകുന്നത്. ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പച്ചമുട്ടയിലെ സാൽമോണല്ല ബാക്ടീരിയകളാണ് അപകടകാരി. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയ പെരുകുന്നു. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും.

ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർധിക്കാനും ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു. ‌‌പുറം രാജ്യങ്ങൾ ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ കൊഴുപ്പ് അടങ്ങിയ സൺഫ്ലവർ ഓയിൽ ആണ് ഉപയോഗിക്കുന്നത്.

വിനാഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്. രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ . സംസ്ഥാനത്ത് പച്ചമുട്ട ചേർത്തുള്ള മയോണൈസ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വെജിന്റബിൾ മയോണൈസ് ഉപയോഗിക്കാമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!