ചേരാനല്ലൂർ വാഹനാപകടത്തിൽ തനിക്ക് പങ്കില്ല… ആർ.സി റദ്ദാക്കരുതെന്ന് ജഡ്ജി…

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി.

മകൻ തന്റെ അറിവോടെയല്ല കാർ കൊണ്ടുപോയതെന്നും വാഹനത്തിന്റെ ആർ.സി റദ്ദാക്കരുതെന്നുമാണ് ജഡ്ജിയുടെ ആവശ്യം. മുൻ കോടതി ഉത്തരവുകൾ ഉൾപ്പെടുത്തിയാണ് മറുപടി നൽകിയിരിക്കുന്നത്.

വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ജഡ്ജിയുടെ വിശദീകരണം.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആർ.സി റദ്ദാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാകുമെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ വിശദീകരണം പരിശോധിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

അതേസമയം, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഒക്ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഇടിച്ചായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തി 17കാരനെ ജാമ്യത്തിൽ വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെയാണ് കേസിൽ കുറ്റകരമായ നരഹത്യാ വകുപ്പ് ഉൾപ്പെടുത്തിയത്.

അപകടവിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജിയുടെ പെരുമാറ്റവും വിവാദമായിരുന്നു. അതേസമയം, വീട്ടുകാരുടെ അറിവില്ലാതെയാണ് കാർ എടുത്തതെന്നും ഇരുട്ടും മഴയുമുള്ളതിനാൽ റോഡിലെ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമായിരുന്നു 17കാരന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!