കോഴിക്കോട് : സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനും അപകടങ്ങൾക്കും തടയിടാൻ സമയക്രമം ശാസ്ത്രീയമായി പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിലെ വിവരങ്ങൾ ഉപയോഗിച്ചാകും പുതിയ റണ്ണിങ് ടൈം നിശ്ചയിക്കുക.
റോഡിലെ ഗതാഗതക്കുരുക്ക്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പ്, ബസ് സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം എന്നിവ പരിഗണിച്ചാകും പരിഷ്കാരം.
ഒരു റൂട്ടിൽ ബസുകൾക്ക് യാത്ര പൂർത്തിയാക്കാൻ ശരാശരി എത്ര സമയം വേണ്ടിവരുന്നുവെന്ന് ജിപിഎസ് വിവരങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും.
ഗതാഗതക്കുരുക്കിലും സിഗ്നലുകളിലും എത്രനേരം ബസുകൾക്ക് കാത്തിരിക്കേണ്ടിവരുന്നുവെന്ന വിവരവും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റൂട്ടിലെയും യഥാർഥ യാത്രാസമയം കണക്കാക്കി പുതിയ സമയക്രമം തയ്യാറാക്കും.
ഒരേ റൂട്ടിൽ ആവശ്യത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിൽ അവ കണ്ടെത്തി റൂട്ട് മാറ്റി അനുവദിക്കുന്നതും പരിഗണനയിലുണ്ട്. സ്വകാര്യ ബസുടമകളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
എറണാകുളം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ചർച്ചകൾ ഇതിനകം പൂർത്തിയായി. നിലവിൽ വിവിധ നഗരങ്ങളിൽ സ്വകാര്യ ബസുകൾക്ക് ഒരു കിലോമീറ്റർ പിന്നിടാൻ വ്യത്യസ്ത സമയമാണ് അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട് നഗരത്തിൽ സിറ്റി ബസുകൾക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ മൂന്ന് മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. നഗരത്തിന് പുറത്തുള്ള സർവീസുകൾക്ക് രണ്ടര മിനിറ്റും. എന്നാൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അനുവദിച്ച സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ പലപ്പോഴും കഴിയാറില്ല. സമയക്രമം പാലിക്കാനുള്ള സമ്മർദം ഡ്രൈവർമാരെ അമിതവേഗത്തിലേക്ക് നയിക്കുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് ബസുകളുടെ സമയക്രമം കൂടുതൽ ശാസ്ത്രീയമാക്കാൻ മന്ത്രി സി.പി. ജോൺ നിർദേശം നൽകിയത്. ജിപിഎസ് വിവരങ്ങൾ അടിസ്ഥാനമാക്കി റണ്ണിങ് ടൈം പുനർനിർണയിക്കുന്നതിലൂടെ ഡ്രൈവർമാർക്കുള്ള അനാവശ്യ സമയസമ്മർദം കുറയ്ക്കാനും റോഡപകടങ്ങൾ നിയന്ത്രിക്കാനും കഴിയുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രതീക്ഷ.
