മുൻ ഗോവ ഗവർണർ പി .എസ്. ശ്രീധരൻപിള്ള വീണ്ടും അഭിഭാഷക വേഷത്തിൽ ; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

കൊച്ചി : ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ സജീവ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയെത്തി മുതിർന്ന ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് ശ്രീധരൻപിള്ള ഹാജരായത്.

ഗവർണർ പദവി ഒഴിഞ്ഞശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷകവൃത്തിയോടുള്ള താൽപ്പര്യവും സ്നേഹവുമാണ് വീണ്ടും നിയമരംഗത്ത് സജീവമാകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പതിറ്റാണ്ടിലേറെ നിയമരംഗത്ത് പ്രവർത്തന പരിചയമുള്ള ശ്രീധരൻപിള്ള കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി സുപ്രധാന കേസുകളിൽ ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ,

സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .മിസോറാമിലും ഗോവയിലും ഗവർണറായിരുന്ന ശ്രീധരൻപിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ കേരള ഹൈക്കോടതി അദ്ദേഹത്തിന് സീനിയർ അഭിഭാഷക പദവി നൽകുകയും ചെയ്തിരുന്നു.

രാഷ്ട്രീയത്തിലും ഭരണഘടനാപരമായ ഉന്നത പദവികളിലും പ്രവർത്തിച്ചശേഷം വീണ്ടും കോടതിമുറിയിലേക്ക് മടങ്ങിയെത്തിയ ശ്രീധരൻപിള്ളയുടെ തീരുമാനം ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!