വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ഒരു വർഷം പൂർത്തിയായപ്പോൾ 600 പേർക്കു ഉച്ചഭക്ഷണം ഒരുക്കി നൽകി പുന്നത്തുറ സ്വദേശി…

മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സജി മുണ്ടയ്ക്കലാണ് സ്നേഹവും നന്ദിയും പങ്ക് വച്ചത്.

പാലാ :വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒരു വർഷം പൂർത്തിയായപ്പോൾ 600 പേർക്കു ഉച്ചഭക്ഷണം നൽകി പുന്നത്തുറ സ്വദേശി സജി മുണ്ടയ്ക്കൽ സ്നേഹം പങ്കുവെച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നു ഒരു വർഷം മുൻപ് വൃക്കിമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ സജി കഴിഞ്ഞ ദിവസം കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തത്.

ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് സജി മുണ്ടയ്ക്കൽ. പങ്കുവെച്ചു കിട്ടിയ ജീവന്റെ സ്നേഹത്തിനും ആശുപത്രിയിലെ ഡോക്ടർമാർക്കും വൃക്കമാറ്റിവയ്ക്കൽ ടീമിനും നന്ദി അറിയിച്ചായിരുന്നു സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകാനുള്ള തീരുമാനം .

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. വൃക്കരോഗത്തിനു പുറമെ സ്ട്രോക്ക്, ഹൃദ്രോഗം ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങളും നേരിട്ടാണ് വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിരുന്നത്.

മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം മേധാവി ഡോ.വിജയ് രാധാകൃഷ്ണൻ, കാർഡിയോ തൊററോസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി,അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാൻസ്പ്ലാന്റ് ടീമിന്റെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയകളും പ്രാർത്ഥനപൂർവ്വമുള്ള കരുതലുമാണ് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചതെന്നു സജി മുണ്ടയ്ക്കൽ പറഞ്ഞു.

ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ അരുൺ, ഐ.സി.യുവിൽ ജിസ്മോന്റെ നേതൃത്തിലുള്ള ടീം, നഴ്സുമാർ, ഡയാലിസിസ് ടീം ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർവ്വമായ പരിചരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉച്ചഭക്ഷണത്തിന്റെ ഔദ്യോഗിക വിതരണം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!