ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി…

കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് സമിതി നിലപാടിനെതിരെ രംഗത്തെത്തിയത്. ഡ്രൈ ഡേ പിൻവലിക്കാൻ ഉമ്മൻചാണ്ടി സർക്കാരിനോ പിണറായി സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും ഇനിയൊരു സർക്കാരിനും അതിന് കഴിയില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

അത്തരമൊരു നയപരമായ തീരുമാനം ഉണ്ടായാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

വേതനദിനത്തിൽ ലഭിക്കുന്ന പണം മദ്യത്തിനായി ചിലവഴിക്കുന്നത് തടയാനും നാട്ടിലെ അനിഷ്ട സംഭവങ്ങൾ കുറയ്ക്കാനുമാണ് ഡ്രൈ ഡേ നയം കൊണ്ടുവന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമായി മദ്യത്തിലൂടെ വരുമാനം തിരിച്ചുപിടിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയിക്കേണ്ടതുണ്ടെന്ന് കെസിബിസി വിമർശിച്ചു.

വിനോദസഞ്ചാരത്തിന്റെയും കോൺഫറൻസുകളുടെയും പേരിൽ ഡ്രൈ ഡേ നയം പിൻവലിക്കരുതെന്നും ടൂറിസത്തിനും കോൺഫറൻസുകൾക്കും മദ്യം ഒഴിച്ചുകൂടാനാകാത്ത ഘടകമായി സർക്കാർ കാണരുതെന്നും സമിതി ആവശ്യപ്പെട്ടു. മദ്യം നൽകി ടൂറിസം മേഖലയെ വളർത്തേണ്ട സാഹചര്യം സർക്കാരുകൾ സൃഷ്ടിക്കരുതെന്നും വ്യക്തമാക്കി.

വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!