ജിദ്ദ: ഫെയ്സ്ബുക്കില് പ്രവാചകനെതിരെ കമന്റിട്ടതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കന് പ്രവാസി അനോജന് ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കി.
ശ്രീലങ്കയുടെ നയതന്ത്ര ഇടപെടലുകള്ക്ക് പിന്നാലെയാണ് കോടതി നടപടി. സൗദി സുപ്രീം കോടതി ഒക്ടോബര് 13-ന് വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടര്ന്ന് രൂപപ്പെട്ട ഓണ്ലൈന് വാക്കുതര്ക്കമാണ് സംഭവങ്ങളുടെ തുടക്കം.
ഹിന്ദു തീര്ഥാടനത്തിനിടയില് മുസ്ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങള് ഉള്പ്പെട്ട വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്ക്കത്തിനിടയില് ഒരാള് അധിക്ഷേപ കമന്റിട്ടു. ഇതില് പ്രകോപിതനായാണ് അനോജന് പ്രവാചകനെതിരെ തമിഴില് അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.
കമന്റ് പിന്നീട് അനോജന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്, അതിനുമുമ്പേ ഇതിന്റെ സ്ക്രീന്ഷോട്ട് സൗദിയിലെ തൊഴിലുടമക്ക് അയച്ചുകൊടുത്തിരുന്നു. തൊഴിലുടമ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടര്ന്ന് കഴിഞ്ഞ ജൂലൈയിലാണ് അനോജനെ അറസ്റ്റ് ചെയ്തത്.
തുടര്ന്ന് അദ്ദേഹത്തിന്റെ മൊബൈല് അടക്കമുള്ള വസ്തുക്കള് പിടിച്ചെടുത്തു. ആദ്യം അല് അഹ്സ ക്രിമിനല് കോടതി അഞ്ച് വര്ഷത്തെ തടവും 30 ലക്ഷം സൗദി റിയാല് (ഏകദേശം എട്ട് ലക്ഷം അമേരിക്കന് ഡോളര്) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാല് സെപ്റ്റംബര് 17ന് സൗദി പ്രോസിക്യൂഷന് ഇതിനെതിരെ അപ്പീല് നല്കുകയും സൈബര് കുറ്റകൃത്യ നിയമങ്ങള്ക്ക് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയര്ത്തുകയായിരുന്നു.
