കെ കെ രാഗേഷ് പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയെന്ന് പരിഹസിച്ച്‌ മന്ത്രി കെ മുരളീധരൻ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പരിഹസിച്ച്‌ മന്ത്രി കെ മുരളീധരൻ. പാർട്ടിക്കുപോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് രാഗേഷെന്നും അദ്ദേഹം ആ പദവിയില്‍ തുടരുന്നത് തന്നെയാണ് യുഡിഎഫിന് ഗുണമെന്നുമായിരുന്നു കെ മുരളീധരന്റെ പരിഹാസം. പരിയാരം മെഡിക്കല്‍ കോളേജ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായതുകൊണ്ടാണ് ഇത്തവണ യുഡിഎഫിന് രണ്ട് എംഎല്‍എമാരെ കൂടുതല്‍ ലഭിച്ചത്. അദ്ദേഹം ആ സ്ഥാനത്ത് തുടർന്നാല്‍ യുഡിഎഫിന് ജില്ലയില്‍ കൂടുതല്‍ ജനപ്രതിനിധികള്‍ ഉണ്ടാകുമെന്നും മന്ത്രി പരിഹസിച്ചു.

കെ കരുണാകരനെക്കുറിച്ച്‌ രാഗേഷ് നടത്തിയ പരാമർശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണെന്നും യാതൊരു ക്വാളിറ്റിയുമില്ലാതെയാണ് സെക്രട്ടറിയായതെന്നും മുരളീധരൻ വിമ‌ർശിച്ചു. കാന്തപുരം അബൂബക്ക‍‍ർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയോടും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് പറഞ്ഞ മുരളീധരൻ പേരാമ്പ്രയില്‍ മുസ്ലീം വനിതയാണ് വിജയിച്ചതെന്നും ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

എല്ലാ ജനറല്‍ ആശുപത്രികളിലും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തില്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം അനുവദിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!