ആലപ്പുഴ: മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ നിർണായക നീക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി നോട്ടീസയച്ചു. പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപ്പീലിലാണ് നടപടി. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഈ മാസം 27-നകം വിഷയത്തിൽ മറുപടി നൽകണം.
അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ മർദ്ദിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും എസ്‌ഐടി അപ്പീലിൽ വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജൂൺ ഒൻപതിനാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവ് ശേഖരിക്കണമെന്ന പ്രൊസിക്യൂഷൻ വാദവും, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവുംതള്ളിക്കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യം നൽകിയത്.
ഗവൺമെന്റ് സ്വാധീനത്തോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുൻ സർക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും സെഷൻസ് കോടതി നിരീക്ഷിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ സംഭവത്തിൽ കൃത്യമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (SIT) നിയോഗിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ജൂൺ 11-ന് അഞ്ചു പ്രതികളും ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നിൽ ഹാജരായിരുന്നു. ഇവരെ ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കല്ലിയൂരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’…. പ്രതികളുടെ ജാമ്യം റദ്ദാക്കണം… ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
