പത്തനംതിട്ട : കെപിസിസിയുടെ സമരാഗ്നി വേദിയിൽ ആന്റോ ആന്റണി എംപിക്ക് നാക്ക് പിഴ. കെപിസിസി വേദിയിലേക്ക് കെ സുധാകരന് പകരം കെ സുരേന്ദ്രനാണ് എംപി സ്വാഗതം പറഞ്ഞത്. സമരാഗ്നി ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിന് ഇടയിലായിരുന്നു ആന്റോ ആന്റണി എംപിക്ക് നാക്ക്പിഴ സംഭവിച്ചത്.
പേര് മാറി പോയെങ്കിലും എംപി അത് ശ്രദ്ധിക്കാതിരുന്നതിനാൽ അണികളാണ് അദ്ദേഹത്തെ തിരുത്തിയത്. ‘സമരാഗ്നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ സുരേന്ദ്രൻ അവർകളെ’ എന്നാണ് സ്വാഗത പ്രസംഗത്തിൽ ആന്റോ ആന്റണി എംപി പരാമർശിച്ചത്.
അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ തന്റെ പരാമർശം എംപി തിരുത്തിയെങ്കിലും നാക്ക് പിഴ സംഭവിച്ചതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച സമരാഗ്നി യാത്ര ഇന്നാണ് പത്തനംതിട്ട ജില്ലയിൽ എത്തിയത്. സമരാഗ്നി ജാഥയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ കെ സുധാകരൻ നടത്തിയ അസഭ്യ പരാമർശം വിവാദമായിരിക്കുന്നതിനിടയിലാണ് പത്തനംതിട്ടയിൽ വെച്ച് സ്ഥലം എംപി കൂടിയായ ആന്റോ ആന്റണിക്കും നാക്ക്പിഴ സംഭവിച്ചത്.