കോട്ടയം : പറന്നുയരുന്നതിനിടയില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ ചില്ലിലിടിച്ചു വീണ മയിൽ ചത്തു. പാലാ അരുണാപുരം ജങ്ഷനിലാണ് അപകടം നടന്നത്.
ജങ്ഷന് സമീപത്തെ വീടിന്റെ മുറ്റത്തുനിന്നും പറന്നുയർന്ന മയില്‍, എതിർവശത്തെ കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കഴുത്തൊടിഞ്ഞ് റോഡിലേക്ക് വീണ മയിലിനെ നാട്ടുകാർ ഉടൻതന്നെ പാലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ആശുപത്രി അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മയിലിന്റെ ജഡം സംസ്കരിക്കും.
