പാരിസ് : ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് 14 കാരിയായ ദിനിധി ദേശിങ്കു. വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരത്തിലാണ് ദിനിധി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. കുട്ടിക്കാലത്ത് വെള്ളത്തിനെ ഏറ്റവും ഭയന്നിരുന്ന പെൺകുട്ടിയായിരുന്ന ദിനിധി ഇന്ന് നീന്തൽ മത്സരത്തിനായി ഒളിമ്പിക്സ് വേദിയിൽ എത്തുമ്പോൾ അഭിമാനത്തിലാണ് രാജ്യം.
മൂന്നു വയസ്സുവരെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കുട്ടിയായിരുന്നു ദിനിധി ദേശിങ്കു. ആളുകളെ അഭിമുഖീകരിക്കുന്നതിലും വെള്ളത്തിൽ ഇറങ്ങുന്നതിലും എല്ലാം വലിയ ഭയമായിരുന്നു അവൾക്ക്. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നടന്നിരുന്ന ദിനിധിയുടെ ഈ പെരുമാറ്റ പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നതിന് വേണ്ടിയായിരുന്നു മാതാപിതാക്കൾ വീടിനു സമീപത്തുള്ള നീന്തൽ കുളത്തിൽ പരിശീലനത്തിനായി ചേർത്തത്. ഇന്ന് ദേശീയ ഗെയിംസിൽ 7 സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത നീന്തൽ താരം എന്ന റെക്കോർഡിന് ഉടമയാണ് ദിനിധി.
ബംഗളൂരുവിലെ ഡോൾഫിൻ അക്വാട്ടിക്സിൽ നിന്നുമാണ് ദിനിധി നീന്തൽ പരിശീലനം നേടുന്നത്. ആറാം വയസ്സിൽ നീന്തലിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാതെയാണ് അവൾ അക്കാദമിയിൽ ചേരാനായി എത്തിയിരുന്നതെന്ന് പരിശീലകൻ മധു കുമാര്‍ ഓർമിക്കുന്നു. എന്നാൽ ഇന്ന് 14 വയസ്സായ ദിനിധി 200 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡ് ഉടമയാണ്. ദേശീയതലത്തിൽ 7 സ്വർണം നേടിയിട്ടുള്ള ദിനിധി 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്.