കേരളത്തിന് തിരിച്ചടി; ഒ.ഡി. നിയന്ത്രിക്കാൻ റിസർവ് ബാങ്ക്; പണമില്ലാത്തപ്പോൾ സംസ്ഥാനങ്ങൾക്ക് ഇനി കൂടുതൽ നിയന്ത്രണം

ന്യൂദൽഹി : ട്രഷറിയിൽ പണമില്ലാത്ത ഘട്ടങ്ങളിൽ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ ഓവർ ഡ്രാഫ്റ്റ് (ഒ.ഡി.) സംവിധാനത്തെ അമിതമായി ആശ്രയിക്കുന്നത് നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങളുമായി റിസർവ് ബാങ്ക് ഉപദേശക സമിതി.

നിലവിൽ തുടർച്ചയായി 14 ദിവസം വരെ ഒ.ഡിയിൽ തുടരാൻ കഴിയുമെങ്കിൽ ഇത് 10 ദിവസമായി കുറയ്ക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. ഒരു സാമ്പത്തികവർഷത്തിലെ ഒരു പാദത്തിൽ ആകെ 36 ദിവസം വരെ ഒ.ഡി. ഉപയോഗിക്കാനുള്ള നിലവിലെ പരിധിയും 30 ദിവസമായി കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എൻ. പ്രസാദ് അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ നൽകിയത്. കേരള ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും സമിതിയിലെ അംഗമാണ്.

സാമ്പത്തികപ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി. നിർദേശങ്ങൾ നടപ്പായാൽ റിസർവ് ബാങ്കിൽനിന്നുള്ള വേയ്‌സ് ആൻഡ് മീൻസ് വായ്പയും ഒ.ഡി.യും കൂടുതലായി ആശ്രയിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത് ബാധിച്ചേക്കും .

*കേരളത്തിന് ലഭിക്കുന്ന വായ്പാ പരിധിയിൽ ചെറിയ വർധന

റിസർവ് ബാങ്കുമായുള്ള ധാരണപ്രകാരം സംസ്ഥാന സർക്കാരിന് ബാങ്കിൽ പ്രതിദിനം 1.66 കോടി രൂപ മിനിമം ബാലൻസ് നിലനിർത്തണം. ഇത് നിലനിർത്താൻ കഴിയാതെ വരുമ്പോൾ ആദ്യം കൺസോളിഡേറ്റഡ് സിങ്കിങ് ഫണ്ട്, ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പരമാവധി 3362.9 കോടി രൂപ വരെ സ്പെഷ്യൽ ഡ്രോയിങ് ഫെസിലിറ്റി ഉപയോഗിക്കാം.

ഇതും മതിയാകാത്ത സാഹചര്യത്തിലാണ് വേയ്‌സ് ആൻഡ് മീൻസ് വായ്പ ലഭിക്കുക. നിലവിൽ കേരളത്തിന്റെ ഈ പരിധി 2308 കോടി രൂപയാണ്. പണഞെരുക്കം തുടർന്നാൽ കൂടുതൽ പലിശനിരക്കിലുള്ള ഓവർ ഡ്രാഫ്റ്റ് സംവിധാനത്തെയും സംസ്ഥാനം ആശ്രയിക്കേണ്ടിവരും. മൊത്തം ചെലവിന്റെ അടിസ്ഥാനത്തിലല്ല, മൊത്തം റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വേയ്‌സ് ആൻഡ് മീൻസ് പരിധി നിശ്ചയിക്കണമെന്നതാണ് സമിതിയുടെ മറ്റൊരു പ്രധാന നിർദേശം.

റവന്യൂ വരുമാനം കണക്കാക്കുമ്പോൾ ലോട്ടറി വരുമാനം ഒഴിവാക്കാനും നിർദേശമുണ്ട്.ഈ മാനദണ്ഡം അനുസരിച്ച് കേരളത്തിന്റെ വേയ്‌സ് ആൻഡ് മീൻസ് പരിധി 2308 കോടിയിൽനിന്ന് 2503 കോടി രൂപയായി ഉയർത്താനാണ് ശുപാർശ. അതായത് 8.5 ശതമാനം മാത്രമാണ് വർധന. കേരളത്തിന്റെ റവന്യൂ വരുമാനം 2022-23ൽ 1.32 ലക്ഷം കോടി രൂപയായിരുന്നത് 2024-25ൽ 1.25 ലക്ഷം കോടി രൂപയായി കുറഞ്ഞതും കണക്കിലെടുത്താണ് പുതിയ പരിധി നിർദേശിച്ചിരിക്കുന്നത്.

*സിങ്കിങ് ഫണ്ട് പരിധിയും ഉയർത്താൻ ശുപാർശ

സിങ്കിങ് ഫണ്ടിന്റെ 50 ശതമാനം വരെ സ്പെഷ്യൽ ഡ്രോയിങ് ഫെസിലിറ്റിയായി ഉപയോഗിക്കാനുള്ള നിലവിലെ പരിധി 75 ശതമാനമാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ സിങ്കിങ് ഫണ്ടിന്റെ വലുപ്പം പര്യാപ്തമല്ലാത്തതിനാൽ ഈ ഇളവ് സംസ്ഥാനത്തിന് കാര്യമായ അധിക സാമ്പത്തിക സഹായമായി മാറണമെന്നില്ല. ഒ.ഡി. ഉപയോഗിക്കുന്ന ദിവസങ്ങളുടെ പരിധി കുറയ്ക്കുന്നതും വായ്പാ പരിധി നിശ്ചയിക്കുന്ന രീതി മാറ്റുന്നതും സംസ്ഥാനങ്ങളുടെ ദൈനംദിന സാമ്പത്തിക മാനേജ്മെന്റിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കാനിടയുണ്ട്. പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ താൽക്കാലിക വായ്പാ സൗകര്യങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!