ഓണത്തിരക്കിന് മുമ്പേ കോട്ടയത്ത് എംസി റോഡിൽ അറ്റകുറ്റപ്പണി; നഗരം കുരുക്കിൽ മുങ്ങി

കോട്ടയം : ഓണത്തിരക്കിലേക്ക് നീളും മുമ്പേ എംസി റോഡില്‍ അറ്റകുറ്റപ്പണികൾ നടത്തി. ഇതോടെ നഗരം കുരുക്കിൽ മുങ്ങി. നാഗമ്പടം മുതല്‍ പട്ടിത്താനം വരെയുള്ള ഭാഗങ്ങളിലായിരുന്നു അറ്റകുറ്റപ്പണികള്‍. കുഴികള്‍ അടച്ചും തകര്‍ന്ന ഭാഗം റീടാര്‍ ചെയ്‌തുമായിരുന്നു നവീകരണം. നാഗമ്പടം മേല്‍പ്പാലത്തിലെ കുഴികള്‍, ചൂട്ടുവേലിയിലെ അപകടക്കുഴികള്‍ എന്നിവയെല്ലാം ഇന്നലെ അടച്ചു.

അറ്റകുറ്റപ്പണികൾ നടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നു വെങ്കിലും തിരക്കേറിയ സമയം തിരക്കേറിയ സ്‌ഥലങ്ങളില്‍ നവീകരണം നടത്താന്‍ എത്തിയത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി.

നഗരം സജീവമായി കഴിഞ്ഞാണ് നാഗമ്പടം മേല്‍പ്പാലത്തിലെ കുഴികള്‍ അടയ്‌ക്കാന്‍ എത്തിയത്‌. ഇതോടെ നഗരവും എംസി റോഡും ഒന്നാകെ കുരുങ്ങുകയായിരുന്നു. ഈ ഭാഗം തിരക്ക്‌ ആരംഭിക്കുന്നതിന് മുമ്പേ റീ ടാര്‍ ചെയ്‌തിരുന്നുവെങ്കില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

തുടര്‍ന്നു പട്ടിത്താനം വരെയുള്ള ഭാഗങ്ങളിലെ റീടാറിങ്ങിനിടയിലും റോഡില്‍ ഗതാഗതക്കുരുക്കു തുടര്‍ന്നു കൊണ്ടേയിരുന്നു. ചൂട്ടുവേലിയിലെയും നാഗമ്പടത്തെയും കുഴികള്‍ റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പലതവണ ഈ രണ്ടു സ്‌ഥലങ്ങളിലും താത്‌കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തകരുകയായിരുന്നു. ഓണനാളുകളില്‍ ഈ കുഴികള്‍ വന്‍ കുരുക്കിന് കാരണമാകുകയും ചെയ്യുമായിരുന്നു.

എംസി റോഡില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നഗരത്തിലെ മറ്റു പല റോഡുകളിലും കുഴികള്‍ അവശേഷിക്കുന്നത്‌ ഓണത്തിരക്കില്‍ കുരുക്കിനു കാരണമാകും. നാഗമ്പടം പാലത്തിന്റെ തെക്കു വശത്തെ കുഴികള്‍ പോലും നികത്തിയിട്ടില്ല. റോഡില്‍, സ്‌റ്റാര്‍ ജങ്‌ഷന്‍, ഐഡ ജങ്‌ഷന്‍ എന്നിവിടങ്ങളിലും കുഴികള്‍ അവശേഷിക്കുകയാണ്‌. കെകെ റോഡില്‍ കഞ്ഞിക്കുഴിയില്‍ ഉള്‍പ്പെടെ ഇത്തരം കുഴികളുണ്ട്‌.

തിരുനക്കര ബസ് ടെർമിനലിൽ വാരിക്കുഴികൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഇതുമൂലം നാഗമ്പടം സ്റ്റാൻ്റിലേക്ക് പോകേണ്ട സ്വകാര്യ ബസുകൾ പുറത്തെ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നത് വലിയ ഗതാഗതക്കുരുക്ക് ആണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!