കാഞ്ഞങ്ങാട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങളിൽ വിമർശനവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
ഇടതുപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ മന്ത്രിമാരെ തെരുവിൽ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട യു.ഡി.എഫ് കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ചത് പദവിക്ക് യോജിച്ചതല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു.
ഹൈക്കമാൻഡാണ് തന്നെ യു.ഡി.എഫ് കൺവീനറാക്കിയതെന്നാണ് അടൂർ പ്രകാശ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പരാതികളും ആക്ഷേപങ്ങളും ഹൈക്കമാൻഡി നോടാണ് ഉന്നയിക്കേണ്ടതെന്ന് ഉണ്ണിത്താൻ പറഞ്ഞു.
യു.ഡി.എഫ് യോഗം വിളിക്കാനുള്ള നടപടി ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലാതെ പദവിയുടെ അന്തസിന് ചേരാത്ത രീതിയിൽ പരസ്യപ്രതികരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതികളോ അഭിപ്രായവ്യത്യാസങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അവ പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ നിലപാടാണ് ശരിയെന്നും ഉണ്ണിത്താൻ പറഞ്ഞു. വ്യക്തിപരമായ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് യു.ഡി.എഫ് കൺവീനർ സർക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ.പി.സി.സി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ണിത്താൻ ഉന്നയിച്ചത്. നിലവിൽ കെ.പി.സി.സിക്ക് വ്യവസ്ഥാപിതമായ നേതൃത്വമില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെ രണ്ട് വർക്കിങ് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രസിഡന്റും മന്ത്രിമാരാണ്. സാധാരണ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ പാർട്ടിക്ക് നിലവിൽ ശക്തമായ നേതൃത്വം ഇല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാരിനെതിരെ തെരുവിൽ പോരാടുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങൾ പറയാൻ പാർട്ടിയിൽ ആരുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
