ന്യൂഡൽഹി : ദേശീയ ഗോപാൽ രത്ന പുരസ്കാരം 2026-ൽ, ഇരട്ട മധുരവുമായി കേരളം.
മികച്ച നാടൻ പശു/എരുമ ഇനങ്ങളെ വളർത്തുന്ന ക്ഷീരകർഷക വിഭാഗത്തിൽ കോട്ടയം വൈക്കം സ്വദേശി മുരളീധരൻ നായർ ഒന്നാം സ്ഥാനം നേടി.
മികച്ച ക്ഷീര സഹകരണ സംഘം / പാൽ ഉൽപ്പാദക കമ്പനി / ക്ഷീരകർഷക ഉൽപ്പാദക സംഘടന വിഭാഗത്തിൽ പാലക്കാട്ടെ എരുത്തേമ്പതി ക്ഷീരോൽപാദക സഹകരണ സംഘം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപയും,സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും മെമന്റോയുമാണ് ഒന്നാം സ്ഥാനം നേടിയ മുരളീധരൻ നായർക്ക് ലഭിക്കുന്ന പുരസ്കാരം. മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും മെമന്റോയും ലഭിക്കും.
2026 ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. ആകെ 1,583 അപേക്ഷകൾ ലഭിച്ചു.
2026 നവംബർ 26-ന് ബിഹാറിലെ പട്നയിൽ നടക്കുന്ന ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്) പുരസ്കാരങ്ങൾ വിതരണം ചെയ്യും. കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേൽ ചടങ്ങിൽ പങ്കെടുക്കും.
