44 വർഷത്തെ കാത്തിരിപ്പ്;വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

നിഷിൻ : ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.

44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്. ചൈനയുടെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഇന്ത്യൻ വനിതകൾ ആദ്യ ക്വാർട്ടറിൽ തന്നെ മുന്നേറി. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി.

ലാൽറെംസിയാമിയാണ് ഗോളടിച്ചത്. ഇന്ത്യൻ താരത്തെ സംബന്ധിച്ച് സവിശേഷ നിമിഷം കൂടിയായിരുന്നു ചൈനയ്‌ക്കെ തിരായ ഗോൾ. അന്താരാഷ്ട്ര കരിയറിലെ 200-ാമത്തെ മത്സരമായിരുന്നു അത്. ആ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയെ മുന്നിലെത്തിക്കാൻ താരത്തിനായി. ആദ്യക്വാർട്ടറിൽ മികച്ച അവസരങ്ങൾ കണ്ടെത്താൻ ചൈനയ്ക്ക് സാധിച്ചില്ല. ഒരു ഗോളിന് ആദ്യ ക്വാർട്ടറിൽ ഇന്ത്യ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചൈന മുന്നേറ്റം ശക്തമാക്കി. തുടക്കത്തിൽ തന്നെ ചൈനയ്ക്ക് രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. മാത്രമല്ല പെനാൽറ്റി സ്‌ട്രോക്ക് ലഭിച്ചെങ്കിലും അതും ഇന്ത്യൻ ഗോൾവല കടന്നില്ല. ഉഗ്രൻ സേവുമായി സവിത രക്ഷയ്ക്കെത്തി. ആദ്യപകുതിയും ഇന്ത്യ ലീഡ് നിലനിർത്തി.

മൂന്നാം ക്വാർട്ടറിലും ചൈന മുന്നേറ്റങ്ങൾ തുടർന്നെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതോടെ മത്സരം അവസാനക്വാർട്ടറിലേക്ക് നീണ്ടു.അവസാന ക്വാർട്ടറിലും മികച്ച പ്രതിരോധം കാഴ്ചവെച്ച ഇന്ത്യൻ ടീം ചൈനയുടെ നീക്കങ്ങളെല്ലാം പ്രതിരോധിച്ചു. അതോടെ മത്സരത്തിൽ തിരിച്ചുവരാൻ ചൈനയ്ക്കായില്ല.

പിന്നാലെ ഇന്ത്യ ഒരു ഗോൾ ജയവും സ്വർണവും സ്വന്തമാക്കി. ഇതിന് മുൻപ് 1982 ലാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!