ആയുധങ്ങളുമായി പോയ കപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി; ആറു ഇന്ത്യക്കാർ ഉൾപ്പടെ പത്തുപേരെ ബന്ദികളാക്കി

മൊഗാദിഷു : തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാകയുള്ള ‘എം.വി. ലുതുഫ്’ എന്ന കപ്പലാണ് പൻഡ്ലാൻഡ് തീരത്തുനിന്ന് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന പത്തംഗ ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു.

പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് എത്തിക്കേണ്ട ആയുധങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ എന്നിവയാണുണ്ടായിരുന്നത്. പൻഡ്ലാൻഡിലെ ഐൽ ജില്ലയിൽ മരയ്യ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ തിങ്കളാഴ്ച കപ്പൽ റാഞ്ചിയത്.

കപ്പലിലുള്ള ബന്ദികളിൽ ആറു ഇന്ത്യക്കാർക്കു പുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 26ന് ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് പുതിയ ആക്രമണത്തിനും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

റാഞ്ചിയ കപ്പൽ നിലവിൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്തെത്തി. തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.

ഇതിനിടെ, ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ രണ്ടുപേർ കപ്പലിന് സമീപമെത്തി കടൽക്കൊള്ളക്കാർക്കായി സോമാലിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ എത്തിച്ചുനൽകിയിരുന്നു. ബോട്ട് തീരത്തേക്ക് മടങ്ങിയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

എന്നാൽ വ്യോമാക്രമണം നടത്തിയത് ആരാണെന്നോ കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചിയ സംഘവുമായി ബന്ധപ്പെട്ടവരാണോയെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ തുർക്കി അധികൃതരും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!