ഇതാ… ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! ‘മനിഷ’ എഴുതി… സുവര്‍ണ ചരിത്രം

അസ്റ്റാന : ഇന്ത്യന്‍ ഗുസ്തി ചരിത്രത്തില്‍ ഒരിക്കലും മായാത്ത പുതിയ നേട്ടം തുന്നിച്ചേര്‍ത്ത് മനിഷ ഭന്‍വാല. ലോക ഗുസ്തി ചാംപ്യന്‍ഷിപ്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍.

ഇന്ത്യന്‍ ഗുസ്തി ചരിത്രത്തില്‍ സീനിയര്‍ വിഭാഗത്തിലെ ആദ്യ വനിതാ ലോക ചാംപ്യന്‍ എന്ന അനുപമ നേട്ടമാണ് മനിഷ സ്വന്തമാക്കിയത്. 59 കിലോ വനിതാ വിഭാഗം പോരാട്ടത്തിന്റെ ഫൈനലില്‍ പാന്‍ അമേരിക്കന്‍ ചാംപ്യയായ യുഎസ്എയുടെ അബിഗെയ്ല്‍ നെറ്റെയെയാണ് മനിഷ മലര്‍ത്തിയടിച്ചത്.

കടുത്ത പോരാട്ടം കണ്ട ഫൈനലില്‍ 0-6 എന്ന സ്‌കോറില്‍ മനിഷ വളരെ പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് താരം അവിശ്വസനീയമാം വിധം തിരിച്ചടിച്ചാണ് മത്സരം പിടിച്ചെടുത്തത്. പിന്നില്‍ പോയ ശേഷം കരുത്തോടെ തിരിച്ചടിച്ച് 8-6 എന്ന നിലയില്‍ പോയിന്റ് എത്തിച്ചാണ് മനിഷയുടെ അവിസ്മരണീയ തിരിച്ചു വരവും ചരിത്രമെഴുതിയ വിജയവും.

സീനിയര്‍ ഗുസ്തി ലോക ചാംപ്യന്‍ഷിപ്‌സില്‍ ഇന്ത്യയുടെ സ്വര്‍ണത്തിനായുള്ള 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് കസാഖിസ്ഥാനിലെ അസ്റ്റാനയില്‍ നടന്ന പോരാട്ടത്തില്‍ മനിഷ വിരാമം കുറിച്ചത്. 2010ല്‍ പുരുഷ വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ലോക ചാംപ്യനായ ശേഷം മറ്റൊരു ഇന്ത്യന്‍ പുരുഷ, വനിതാ താരത്തിനും നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ തന്നെ വനിതാ വിഭാഗത്തില്‍ ഒരു താരവും ലോക ചാംപ്യന്‍ ആയിട്ടുമില്ല. ഈ കിരീട വരള്‍ച്ചയ്ക്കാണ് മനിഷ ഒടുവില്‍ തിരശ്ശീലയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!