November 20, 2026 Webdesk
ന്യൂഡൽഹി: കേന്ദ്രസർക്കാർ വൻതോതിൽ നികുതിയിളവുകൾ നൽകിയിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കോർപറേറ്റ് കമ്പനികൾ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സർക്കാരിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വ്യവസായ മേഖല കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിക്കിയുടെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചതും 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നൽകിയതും ചൂണ്ടിക്കാട്ടിയ മോദി, ഇതിന്റെ പ്രയോജനം ജീവനക്കാർക്കും തൊഴിൽമേഖലയ്ക്കും ലഭിച്ചിട്ടുണ്ടോ എന്ന് വ്യവസായികളോട് ചോദിച്ചു.
“നികുതി കുറച്ചിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചോ? കൂടുതൽ ആളുകളെ ജോലിക്കെടുത്തോ? ഇല്ല. എല്ലാം മോദി ചെയ്യട്ടെ, ഞങ്ങൾ നോക്കിക്കൊള്ളാം എന്നതാണ് നിങ്ങളുടെ നിലപാട്. എത്ര നൽകിയാലും മതിയാകാത്തവരാണ് നിങ്ങൾ. ഞാൻ പറയുന്നത് കേട്ട് നിങ്ങൾ കയ്യടിക്കില്ലെന്ന് എനിക്കറിയാം” എന്നായിരുന്നു മോദിയുടെ വിമർശനം.
ആദായനികുതി റീഫണ്ട് നടപടികളിലും വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ റീഫണ്ട് ലഭിക്കാൻ എട്ടുമാസം വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തുക അക്കൗണ്ടിലെത്തുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
സ്വയംപര്യാപ്ത ഇന്ത്യ; ഗാന്ധിജിയുടെ വാക്കുകൾ ഓർമിപ്പിച്ച് മോദിരാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളിൽ സ്വകാര്യ വ്യവസായ മേഖല വേണ്ടത്ര വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. 1930ൽ മഹാത്മാഗാന്ധി വ്യവസായികളോട് ഉന്നയിച്ച ആവശ്യങ്ങൾ ഇന്നും ആവർത്തിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
“1930ൽ ഗാന്ധിജി നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് വർഷങ്ങൾക്കിപ്പുറവും എനിക്ക് ആവർത്തിക്കേണ്ടിവരുന്നത്. ഇതൊരു വിജയമാണോ പരാജയമാണോ? എന്റെ വാക്കുകൾ കേൾക്കേണ്ടതില്ല, കുറഞ്ഞപക്ഷം സ്വയംപര്യാപ്തതയെ ക്കുറിച്ച് സംസാരിച്ച ഗാന്ധിജിയുടെ വാക്കുകളെങ്കിലും കേൾക്കൂ,” മോദി പറഞ്ഞു.
ആഭ്യന്തര വിപണിയിലും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വേണം
ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തണമെന്നും മികച്ച ഉൽപന്നങ്ങൾ വിദേശ വിപണികൾക്കായി മാത്രം മാറ്റിവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
40 കോടി ജനങ്ങളെ വെറുമൊരു വിപണിയായി മാത്രം കാണരുതെന്നും ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ നൽകുമ്പോൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയും കയറ്റുമതിക്കായി മാത്രം മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന സമീപനം മാറേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവയ്ക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകൾ ഇന്ത്യൻ വ്യവസായങ്ങൾക്ക് വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നതെന്നും അവ പ്രയോജനപ്പെടുത്താൻ കമ്പനികൾ കൃത്യമായ പദ്ധതികൾ തയ്യാറാക്കണമെന്നും മോദി പറഞ്ഞു.
ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി വ്യാപാരക്കരാറുകൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് പുതിയ വിപണികളിലേക്ക് കടക്കാനുള്ള സാധ്യത വർധിക്കുകയാണ്. എന്നാൽ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വ്യവസായ മേഖല എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
“നിങ്ങൾക്കായി പുതിയ വാതിലുകൾ തുറക്കുകയാണ്. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പദ്ധതികളുണ്ടോ? അതോ എന്ത് ചെയ്യണമെന്ന് ഞാൻ വന്ന് പറഞ്ഞുതരണോ?” എന്ന ചോദ്യത്തോടെയാണ് സ്വകാര്യ മേഖലയോടുള്ള വിമർശനം പ്രധാനമന്ത്രി അവസാനിപ്പിച്ചത്.
