സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും 20 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 724 കേസുകളും നാല് മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ആകെ 6,182 കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മരണങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

സ്വയം ചികിത്സ നടത്താതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ചികിത്സ തേടുന്നതാണ് സുരക്ഷിതം. രോഗലക്ഷണങ്ങളുള്ളവർ പൂർണ വിശ്രമം എടുക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. രോഗബാധിതർ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ മാസ്ക് ധരിക്കണമെന്നും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതിനൊപ്പം ഡെങ്കിപ്പനിക്കെതിരെയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ പ്രജനനം വർധിക്കാൻ സാധ്യതയുള്ളതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദേശം നൽകി. കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനൊപ്പം ഡ്രൈ ഡേ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!