കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഫോർട്രസ് പരിശോധന; 222 കേസുകളിൽ 2.90 ലക്ഷം രൂപ പിഴ ഈടാക്കി…

കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കേരള റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ പ്രത്യേക ഫോർട്രസ് പരിശോധന നടത്തി.

30 ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 222 കേസുകൾ രജിസ്റ്റർ ചെയ്തു. 2,90,290 രൂപ പിഴയും ഈടാക്കി.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി എട്ടുവരെയായിരുന്നു പരിശോധന. കോട്ടയം റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോയതും സ്റ്റേഷനിൽ നിർത്തിയിട്ടതുമായ 30 ട്രെയിനുകളിലെ വിവിധ കോച്ചുകളിൽ പരിശോധന നടത്തി. യാത്രക്കാരുടെ സുരക്ഷ, സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യം, നിരോധിത വസ്തുക്കളുടെ കടത്ത്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയായിരുന്നു പ്രധാനമായും പരിശോധിച്ചത്.

സ്റ്റേഷനിലെ ഏഴ് പ്രധാന പരിശോധനാ പോയിന്റുകളിലും എല്ലാ പ്രവേശന-പുറത്തേക്കുള്ള കവാടങ്ങളിലും ഒരേസമയം നിരീക്ഷണം ഏർപ്പെടുത്തി. ആകെ 383 ഹെഡ്ക്വാർട്ടേഴ്സ് പട്രോൾ (എച്ച്പി) പരിശോധനകളും നടത്തി.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും ഉപദ്രവങ്ങളും തടയുന്നതിനും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി സംശയാസ്പദമായ സാഹചര്യങ്ങളിൽ അടിയന്തരമായി ഇടപെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഹരിവസ്തുക്കളുടെ ഉപയോഗവും അനധികൃത കടത്തും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ സന്ദേശവും യാത്രക്കാർക്കിടയിൽ പ്രചരിപ്പിച്ചു.

ലഹരിവസ്തുക്കളുടെ വിപത്തുകളെക്കുറിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തി.

കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്യാമകുമാരിയുടെ നേതൃത്വത്തിലും എസ്ഐമാരായ തുളസീധരക്കുറുപ്പ് ജി., സന്തോഷ് കെ. നായർ എന്നിവരുടെ ഏകോപനത്തിലു മായിരുന്നു പരിശോധന. റെയിൽവേ പോലീസിലെ 12 ഉദ്യോഗസ്ഥർ, ആർപിഎഫിലെ ഒരുദ്യോഗസ്ഥൻ, റെയിൽവേ ചെക്കിങ് വിഭാഗത്തിലെ 30 ജീവനക്കാർ എന്നിവരടക്കം 43 പേർ പരിശോധനയിൽ പങ്കെടുത്തു.

സ്റ്റേഷന്റെ പ്രധാന പ്രവേശനകവാടം, വടക്ക്-തെക്ക് ഭാഗങ്ങളിലെ പ്ലാറ്റ്ഫോമുകളുടെ അറ്റങ്ങൾ, ഫുട് ഓവർബ്രിഡ്ജ്, നാലും അഞ്ചും നമ്പർ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇത്തരം പരിശോധനകളും പട്രോളിങ്ങും തുടർന്നും ശക്തമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!