കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമാകും…

കാഞ്ഞിരപ്പള്ളി : കലയുടെ വർണവിസ്മയങ്ങൾക്കും കൗമാരപ്രതിഭകളുടെ പ്രകടനങ്ങൾക്കും വേദിയാകുന്ന കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് വിളംബര ജാഥയോടെ ആവേശത്തുടക്കമാകും.

കലാമേളയുടെ വരവറിയിച്ച് കാഞ്ഞിരപ്പള്ളി ടൗണിനെ ഉത്സവാന്തരീക്ഷത്തിലാക്കുന്ന വിളംബര ജാഥയിൽ ആയിരത്തിലധികം വിദ്യാർഥികൾ അണിനിരക്കും.

രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ടൗൺ ചുറ്റി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും.

സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എകെജെഎം സ്കൂൾ, പേട്ട ഗവൺമെന്‍റ് ഹൈസ്കൂൾ, മൈക്ക സ്കൂൾ, എൻഎച്ച്എ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ വിളംബര ജാഥയിൽ പങ്കെടുക്കും.

ഓരോ സ്കൂളും വ്യത്യസ്ത കലാരൂപങ്ങളും അവതരണങ്ങളുമായി ജാഥയിൽ അണിനിരക്കുന്നതോടെ ഘോഷയാത്ര വർണാഭമാകും. വിദ്യാർഥികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും വിളിച്ചോതുന്ന വിവിധ പരിപാടികളും ജാഥയ്ക്ക് മാറ്റുകൂട്ടും.

കലോത്സവത്തിന്‍റെ ആവേശം വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങാതെ നാടാകെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. മികച്ച രീതിയിൽ ജാഥ അവതരിപ്പിക്കുന്ന സ്കൂളുകൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കൊപ്പം അധ്യാപകർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും വിളംബര ജാഥയിൽ പങ്കുചേരും.

*ഇന്നത്തെ മത്സരങ്ങൾ*

വേദി ഒന്ന്: നീലാംബരി – മാർഗം കളി.

വേദി രണ്ട്: മോഹനം – മോഹിനിയാട്ടം, കേരള നടനം.

വേദി മൂന്ന്: കല്യാണി – പരിചമുട്ട്, ചവിട്ടുനാടകം.

വേദി നാല്:ശങ്കരാഭരണം – പൂരക്കളി, യക്ഷഗാനം.

*വേദി ആറ്: കാംബോജി – പഞ്ചവാദ്യം, ചെണ്ട, തായന്പക, ചെണ്ടമേളം, മദ്ദളം. വേദി എട്ട്: തോടി – ഓട്ടൻതുള്ളൽ. വേദി

*10: ആനന്ദഭൈരവി – വയലിൻ ഈസ്റ്റേൺ, വീണ, ഓടക്കുഴൽ നാദസ്വരം, മൃദംഗം, ഗഞ്ചിറ, ഘടം.

വേദി *12: രേവതി – പദ്യംചൊല്ലൽ തമിഴ്, പ്രസംഗം തമിഴ്.

*വേദി 14: സിന്ധുഭൈരവി – പദ്യം കന്നട, പ്രസംഗം കന്നട. കഥ, കവിത, ഉപന്യാസം, ചിത്ര രചന, കാർട്ടൂൺ തുടങ്ങിയ രചന മത്സരങ്ങൾ സെന്‍റ് ഡൊമിനിക്സ് സ്കൂളിലും ബാന്‍റ്മേളം എകെജെഎം പ്ലേ ഗ്രൗണ്ടിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!