ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്.
പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയെ കൊലപ്പെടുത്തിയത് ഒഴിവാക്കുകയാണെന്ന സംശയത്തെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൊല്ലം സ്വദേശിയായ 23കാരൻ ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിളിക്കുമ്പോൾ ഗംഗയുടെ ഫോൺ പലപ്പോഴും എൻഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വർധിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചിരിക്കുമ്പോഴും ഗംഗയുടെ ഫോണിലേക്ക് മറ്റൊരു കോൾ എത്തിയിരുന്നു. ഇതേച്ചൊല്ലി അന്ന് രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അടുത്ത ദിവസവും തർക്കം തുടർന്നു. ഇതിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലാണ് സംഭവം. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഗംഗയും ഗോകുൽ കൃഷ്ണയും കഴിഞ്ഞ ദിവസമാണ് എത്തിയത്. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയാ യിരുന്നു.
അടൂരിൽ നിന്നുള്ള ഗംഗ ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചുവരികയാ യിരുന്നു. പഠനകാലത്താണ് ഗോകുൽ കൃഷ്ണയുമായി അടുപ്പത്തിലാകുന്നത്. ഗോകുൽ ഗംഗയുടെ സീനിയറായിരുന്നു. നഴ്സിംഗ് പ്രവേശനത്തിനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നത് ഗോകുലായിരുന്നുവെന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസം ലോഡ്ജിന് സമീപത്തെ റോഡിൽവെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലെത്തുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
