പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മണര്‍കാട് കത്തീഡ്രലിൽ, വിശുദ്ധ കുർബാന അർപ്പിക്കും…

കോട്ടയം : ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

രാവിലെ 8.30ന് കത്തീഡ്രലിലെത്തുന്ന പാത്രിയര്‍ക്കീസ് ബാവായെയും അന്ത്യോഖ്യാ പ്രതിനിധി സംഘത്തെയും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായെയും മറ്റ് മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ കിഴക്കേടത്തിന്‍റെ നേതൃത്വത്തില്‍ സഹവികാരിമാരും കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് പ്രധാന ദേവാലയത്തില്‍ പ്രഭാത നമസ്കാരം. ഒന്‍പതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്ത് പ്രത്യേകം സജീകരിച്ചിരിക്കുന്ന വേദിയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശ്വാസസമൂഹത്തെ ആശീര്‍വദിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.

കോട്ടയം ഭദ്രാസനത്തിന്‍റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനവും മണർകാട് സെന്‍റ് മേരീസ് കോളജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കിന്‍റെ ഉദ്ഘാടനവും മാലത്ത് പണികഴിപ്പിച്ച കുരിശിന്‍തൊട്ടിയില്‍ സ്ഥാപിക്കുന്നതിനുള്ള കുരിശിന്‍റെ ആശിര്‍വാദവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് കത്തീഡ്രലില്‍ ഒരുക്കിയിരിക്കുന്നത്. പള്ളിമുറ്റത്ത് 30,000ത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള താത്കാലിക പന്തല്‍ സജീകരിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന സൗകര്യപ്രദമായി ദര്‍ശിക്കുന്നതിനായി കൂടുതല്‍ എൽഇഡി ഡിസ്പ്ലേ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!