പത്ത് പേരായി ചുരുങ്ങിയിട്ടും യുഎസിന് തകർപ്പൻ ജയം; ബോസ്‌നിയയെ വീഴ്ത്തി; ഇനി പോര് ബെൽജിയവുമായി…

സാൻ ഫ്രാൻസിസ്‌കോ: 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ബോസ്‌നിയക്കെതിരെ ആധികാരിക വിജയം നേടി ആതിഥേയരായ യുഎസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അമേരിക്കയുടെ ജയം. ഫൊളാരിൻ ബലോഗനും മാലിക് ടിൽമാനുമാണ് വിജയഗോളുകൾ നേടിയത്. മത്സരത്തിനിടെ ബലോഗൻ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും യുഎസ് വിജയത്തിന് അതൊന്നും തിരിച്ചടിയായില്ല. പ്രീക്വാർട്ടറിൽ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബോസ്‌നിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹൈ-പ്രസ് തന്ത്രത്തിലൂടെ യുഎസ് പ്രതിരോധത്തെ സമ്മർദത്തിലാക്കിയ അവർ 10-ാം മിനിറ്റിൽ ലീഡ് നേടാനുള്ള മികച്ച അവസരവും സൃഷ്ടിച്ചു. എഡിൻ ജെക്കോ ഒരുക്കിയ നീക്കത്തിൽ ഡെമിറോവിച്ചിന്റെ ഷോട്ട് ഗോൾകീപ്പർ മാറ്റ് ഫ്രീസെ അതിവേഗ പ്രതികരണത്തിലൂടെ രക്ഷപ്പെടുത്തി.

ആദ്യ കാൽമണിക്കൂറിന് ശേഷം മത്സരം പൂർണമായും യുഎസിന്റെ നിയന്ത്രണത്തിലായി. മക്കെനി, ഡെസ്റ്റ്, ടൈലർ ആഡംസ്, ടിൽമാൻ, റോബിൻസൺ എന്നിവരുടെ മികച്ച പാസിങ് നീക്കങ്ങൾ ബോസ്‌നിയൻ പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ചു. 32-ാം മിനിറ്റിൽ ബലോഗൻ നേടിയ ഗോൾ ഓഫ്‌സൈഡായെങ്കിലും, ആദ്യപകുതി അവസാനിക്കാൻ തൊട്ടുമുമ്പ് അദ്ദേഹം തന്റെ പേര് സ്കോർഷീറ്റിൽ കുറിച്ചു. ടിൽമാന്റെ പാസ് പ്രതിരോധതാരത്തിന്റെ കാലിൽ തട്ടി ലഭിച്ച അവസരം ബലോഗൻ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും യുഎസ് മുന്നേറ്റം തുടർന്നെങ്കിലും 64-ാം മിനിറ്റിൽ ബലോഗൻ പുറത്തായതോടെ മത്സരം ആവേശകരമായി. പന്തിനായുള്ള പോരാട്ടത്തിനിടെ മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിന് വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ചുവപ്പുകാർഡ് നൽകിയത്.

എന്നാൽ ഒരാൾ കുറവായിട്ടും യുഎസ് പ്രതിരോധം പിഴവില്ലാതെ കളിച്ചു. മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഡെസ്റ്റിനെ റാഡെലിച്ച് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് മാലിക് ടിൽമാൻ മനോഹരമായി വലയിലെത്തിച്ചതോടെ അമേരിക്കയുടെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!