തൃശൂർ പൂരം കലക്കൽ കേസ്: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സർക്കാർ; പുതിയ അന്വേഷണ റിപ്പോർട്ട് തേടി

November 15, 2026 Webdesk

തിരുവനന്തപുരം: 2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് സർക്കാർ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാമർശങ്ങൾ ദുർബലമാണെന്നും തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾക്കെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

തിരുവമ്പാടി ദേവസ്വത്തിലെ പത്ത് പേരെ പ്രതിചേർക്കുന്നതിനുള്ള അനുമതിയാണ് അന്വേഷണ സംഘം റിപ്പോർട്ടിലൂടെ തേടിയിരുന്നത്. ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്താൻ നിർദേശിച്ചിരുന്നത്. എന്നാൽ, ആരോപണങ്ങൾ ശരിവയ്ക്കുന്ന വ്യക്തമായ തെളിവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പൂരം കലക്കൽ അന്വേഷണം ഇതോടെ വീണ്ടും പൊലീസിന്റെ പരിഗണനയിലെത്തുക യാണ്. എഡിജിപി എം.ആർ. അജിത്കുമാർ നേരത്തെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് 2024ൽ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ 16 വീഴ്ചകളാണ് എസ്ഐടിയുടെ 15 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പൊലീസ് നൽകിയ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അജിത്കുമാറിനെതിരെയും വ്യക്തമായ തെളിവില്ല.

പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടാ യിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടാ യെന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യമായ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പൂരം കലക്കലുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമായ നിർദേശങ്ങളില്ല. ഈ പോരായ്മകൾ പരിഹരിച്ച് തെളിവുകൾ സഹിതം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശം. പുതിയ റിപ്പോർട്ട് ലഭിക്കുന്നതോടെ കേസിൽ തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!