ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുപ്പിച്ച് ഹോർമുസ് കടലിടുക്കിൽ കടൽമൈനുകളിൽ ഇടിച്ചതിനെത്തുടർന്ന് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിക്കുകയും സ്ഫോടനങ്ങൾ ഉണ്ടാകുകയും ചെയ്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും (ഐ.ആർ.ജി.സി) നാവികസേനയും അറിയിച്ചു.
ശനിയാഴ്ചയാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ വഴി ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്. അനുവാദമില്ലാത്ത പാതയിലൂടെ കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് എണ്ണക്കപ്പലുകളിൽ ഉഗ്രസ്ഫോടനമുണ്ടായതെന്ന് റെവല്യൂഷണറി ഗാർഡിന്റെ നാവികസേന വ്യക്തമാക്കി.
ഈ കപ്പലുകൾ റഡാർ സംവിധാനങ്ങളും ലൊക്കേഷൻ തിരിച്ചറിയാനുള്ള ട്രാക്കിങ് ഉപകരണങ്ങളും മനഃപൂർവ്വം പ്രവർത്തനരഹിതമാക്കിയിരുന്നുവെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
മറ്റൊരു പ്രത്യേക പ്രസ്താവനയിൽ, ഹോർമുസ് കടലിടുക്കിന്റെ കിഴക്കുഭാഗത്തുള്ള സുരക്ഷിതമല്ലാത്തതും നിയന്ത്രിതവുമായ മേഖലയിലൂടെ സഞ്ചരിച്ച മൂന്നാമത്തെ എണ്ണക്കപ്പലിനും തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു.
ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിൽ രഹസ്യമായി സഞ്ചരിച്ച ഈ കപ്പൽ കടൽമൈനിൽ ഇടിച്ചതിനെത്തുടർന്ന് തീപിടിക്കുകയും യാത്ര തുടരാനാകാതെ നടുക്കടലിൽ നിർത്തിയിടാൻ നിർബന്ധിതമാകുകയും ചെയ്തുവെന്നാണ് ഇറാന്റെ വിശദീകരണം. തീപിടിത്തമുണ്ടായ കപ്പലുകളുടെ പേരോ അവ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നവയാണെന്നോ ഇരു പ്രസ്താവനകളിലും ഇറാൻ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ തെക്കൻ കടലിടുക്കിൽ അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളിൽ ഒന്ന് പടുകൂറ്റൻ എണ്ണക്കപ്പലായിരുന്നു വെന്ന് റെവല്യൂഷണറി ഗാർഡ് സൂചിപ്പിച്ചു.
2026 ഫെബ്രുവരി 28-ന് മേഖലയിൽ യുദ്ധസാഹചര്യം ആരംഭിച്ചതുമുതൽ തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ടെഹ്റാൻ പതിവായി ലക്ഷ്യമിടുന്നുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, പ്രകൃതിവാതക കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇതോടെ കടുത്ത പ്രതിസന്ധിയിലായി രിക്കുകയാണ്.
ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിലെ സ്ഫോടനങ്ങൾ അന്താരാഷ്ട്ര വിപണിയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇറാന്റെ നീക്കങ്ങൾക്ക് മറുപടിയായി ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കടലിടുക്ക് മുറിച്ചുകടക്കുന്ന ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും അമേരിക്കൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോർമുസ് കടലിടുക്കിനുള്ളിൽ നിരവധി കപ്പലുകളിൽ സമാനമായ സ്ഫോടനങ്ങളും തീപിടിത്തങ്ങളും ഉണ്ടായതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിരുന്ന ഭൂരിഭാഗം കടൽമൈനുകളും തങ്ങൾ നീക്കം ചെയ്തതായാണ് അമേരിക്കയുടെ നിലപാട്.
*അമേരിക്കയുടെ അവകാശവാദങ്ങൾക്കിടയിലും മൂന്ന് എണ്ണക്കപ്പലുകൾക്ക് ഒരേസമയം മൈനിൽ ഇടിച്ച് തീപിടിച്ചത് മേഖലയിലെ സമുദ്രസുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വരുംദിവസങ്ങളിൽ അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ വർധനവിന് ഈ സംഭവം കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
