മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയ്ന്റ്’. ചിത്രത്തിൽ ഉതുപ്പേട്ടൻ എന്ന കഥാപാത്രമായി നടൻ ടി ജി രവിയുമെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് താനല്ല ഡബ്ബ് ചെയ്തത് എന്ന് പറയുകയാണ് ടി ജി രവി.
തന്റെ മകൻ ശ്രീജിത്ത് ആണ് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു. പ്രാഞ്ചിയേട്ടനിൽ നിങ്ങളാരും അറിയാത്തൊരു വിശേഷം ഞാൻ പറഞ്ഞു തരാം. എന്റെ വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീടാണ്. അതിന്റെ ഡബ്ബിങ് ഞാനല്ല ചെയ്തിരിക്കുന്നത്. ഡബ്ബിങ് ചെയ്തത് എന്റെ മകനാണ്. ശ്രീജിത്താണ് അത് ചെയ്തിരിക്കുന്നത്.
അത് ചെയ്യാൻ കാരണം എന്താണെന്നു വച്ചാൽ, രഞ്ജിത്തിന് അറിയാമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ജയരാജിന്റെ അശ്വാരൂഢൻ എന്ന് പറഞ്ഞൊരു പടമിറങ്ങി. അതിൽ പ്രായമായിട്ടുള്ളൊരു കഥാപാത്രവുമുണ്ട്. യുവാവായിട്ടുള്ള ഒരു കഥാപാത്രവുമുണ്ട്. യുവാവ് ആണ് കൂടുതലും. പ്രായമായിട്ടുള്ള കഥാപാത്രം എന്തോ പൊള്ളിയിട്ടൊക്കെ വരുന്നതാണ്. അയാളുടെ ശബ്ദവുമായി എന്തെങ്കിലുമൊരു സാമ്യം തോന്നണം, ഒരാൾ ആണെന്ന് മനസിലാകുമ്പോൾ. എന്നാൽ എന്റേതു പോലെയൊരു ശബ്ദം ആകാനും പാടില്ല. അപ്പോൾ അദ്ദേഹം എന്ത് ചെയ്തു എന്ന് വച്ചാൽ, യുവാവായിട്ടുള്ളത് മുഴുവൻ ഞാൻ ചെയ്തു. പ്രായമായതിനെ ശ്രീജിത്തിനെ കൊണ്ട് ചെയ്യിച്ചു. പ്രായമായത് മകനെ കൊണ്ട് ചെയ്യിച്ചു, യുവാവ് ഞാനും ചെയ്തു. അതൊക്കെ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു.
മാത്രമല്ല, ഫോൺ ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദം ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.അങ്ങനെയാണ് അതിൽ വന്നത്. അവനും ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക്, നമ്മൾ ചെയ്തത് മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ടാകുമല്ലോ. ചെയ്തിട്ടുള്ള മൂഡ് കംപ്ലീറ്റ് കേൾപ്പിച്ചിട്ടാണല്ലോ ഡബ്ബ് ചെയ്യുന്നത്. അത് അവന് സഹായകമായിട്ടുണ്ടാകാം. അതുകൊണ്ട് ഞാനല്ല, അവനാണ് അത് ചെയ്തത് എന്ന കാര്യം എന്റെ അടുത്ത ആൾക്കാർക്ക് പോലും മനസിലായിട്ടില്ല.
നമ്മൾ പറയുമ്പോഴാണ് മനസിലാകുന്നത്. സംവിധായകൻ രഞ്ജിത്തിന് തൃശൂരുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നതു കൊണ്ട്, പ്രാഞ്ചിയേട്ടനിൽ സംഭാഷണങ്ങൾ സ്വാഭാവികമായി അങ്ങനെ രൂപപ്പെട്ടുവന്നതാണ്. ഷൂട്ടിങ് പുരോഗമിക്കവേ, മമ്മൂട്ടിയും മറ്റുള്ളവരും തങ്ങളുടെ സംശയങ്ങളൊക്കെ ദുരീകരിച്ച് സ്ലാങ്ങിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അത് കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു.
തൃശൂരിനുള്ളിൽ തന്നെ സംസാരശൈലിയിൽ വ്യത്യാസങ്ങളുണ്ട്. മാർക്കറ്റ് മേഖലയിലുള്ളവർ ഒരു രീതിയിലാണ് സംസാരിക്കുന്നത്; ചില ഹിന്ദു വിഭാഗങ്ങൾ സംസാരിക്കുന്നത് മറ്റൊരു രീതിയിലാണ്, അതുപോലെ ക്രിസ്ത്യാനികൾക്കും അവരുടേതായ ശൈലിയുണ്ട്”.- ടി ജി രവി പറഞ്ഞു.
