തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായി യാത്ര ചെയ്തയാളെ ഡാൻസാഫ് സംഘം പിടികൂടി.
പൂന്തുറ പുത്തൻപള്ളി എം.എസ്. മൻസിലിൽ അൽ അസീം (43) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 27 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
നെയ്യാറ്റിൻകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരിമരുന്നുമായി യാത്ര ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നേമം വെള്ളായണി ജങ്ഷനിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് അൽ അസീം ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന്റെ സംശയം. തുടർ നടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി ഡാൻസാഫ് സംഘം ഇയാളെ നേമം പൊലീസിന് കൈമാറി.
