ദുബായ് : ദുബൈ വേൾഡ് കപ്പ്- 2025ന്റെ സ്മരണയിൽ പ്രത്യേക ലോഗോ പതിപ്പിച്ച സ്റ്റാമ്പ് ദുബൈ താമസ, കുടിയേറ്റ വകുപ്പ് പുറത്തിറക്കി.
ഇന്നു മുതൽ 9 വരെ ദുബൈ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും പാസ്പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിക്കും. കപ്പിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളതാണ് പുതിയ ലോഗോ. ലോകത്തിലെ പ്രമുഖ കുതിരപ്പന്തയ മത്സരങ്ങളിലൊന്നായ ദുബൈ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനായതിന്റെ പ്രതീകമായാണ് ഈ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കുള്ള പ്രവേശന പ്രക്രിയകളും ജിഡിആർഎഫ്എ ലളിതമാക്കിയിട്ടുണ്ട്. ഇതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പാസ്‌പോർട്ട് നിയന്ത്രണ ടീമുകളെ വിന്യസിച്ചിട്ടുമുണ്ട്. യുഎഇയിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികൾക്ക് പിന്തുണ നൽകുന്നതിനും യാത്രക്കാർക്ക് സവിശേഷമായ സ്വാഗതാനുഭവങ്ങൾ നൽകുന്നതിലും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ക്രമീകരണങ്ങൾ.