മഞ്ഞുരുകി…മന്നം ജയന്തി ആഘോഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വി ഡി സതീശൻ പെരുന്നയിലേക്ക്…

കോട്ടയം : സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും. 2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കാര്യം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സതീശൻ ആദ്യമായി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നുവെന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. ജനുവരി ഒന്നിനും രണ്ടിനുമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ആദ്യദിനത്തിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും.

രണ്ടാംദിനത്തിലെ മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി കെ. മുരളീധരനും അതിഥിയായി പങ്കെടുക്കും.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വി.ഡി. സതീശനും തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും കൽപ്പിക്കപ്പെടുന്നുണ്ട്.

ഇരുനേതാക്കളും ഒരേ വേദിയിലെത്തുന്നതും നടത്തുന്ന പ്രസംഗങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങൾ സവിശേഷ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത്.

മുഖ്യമന്ത്രി എൻഎസ്എസിൻ്റെ ക്ഷണം സ്വീകരിച്ച് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം പറഞ്ഞു പരിഹരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!