ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും…

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണ്ണവ്’ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

വടക്കൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാൽപൂരിനും ഇടയിലുള്ള കലിംഗപട്ടണത്തിന് സമീപത്തുകൂടി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു.

മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ അന്തരീക്ഷവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇരു സംസ്ഥാനങ്ങളിലെയും തീരദേശ മേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തസാധ്യത മുന്നിൽ കണ്ട് അപായസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ ഗജപതി, ഗഞ്ചം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്.

കനത്ത മഴ കാരണം പലയിടങ്ങളിലും മലയോര റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണകൂടം അവധി പ്രഖ്യാപിച്ചു.

തീരദേശത്ത് കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ (എൻ.ഡി.ആർ.എഫ്, ഒ.ഡി.ആർ.എഫ്) മുഴുവൻ സമയവും രംഗത്തുണ്ട്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ഒഡീഷ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അടിയന്തര സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!