കൊല്‍ക്കത്ത : ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പരിപാടികളുടെ പൂര്‍ണ പട്ടിക പുറത്തു വന്നു. ഈ മാസം 13, 14, 15 തീയതികളില്‍ മെസി വിവിധ പരിപാടികളില്‍ സംബന്ധിക്കും. 13ന് പുലര്‍ച്ചെ 1.30നു അര്‍ജന്റീന നായകന്‍ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും.
കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസിയുടെ കൂടിക്കാഴ്ചയും സൗഹൃദ മത്സരങ്ങളടക്കമുള്ളവയും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, കായിക മേഖലകളിലെ പ്രമുഖര്‍ മെസിയ്‌ക്കൊപ്പം വിവിധ പരിപാടികളില്‍ സംബന്ധിക്കും.
മെസിയ്‌ക്കൊപ്പം യുറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ്, അര്‍ജന്റീന ടീമിലെ സഹ താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഇന്ത്യയിലെത്തുന്നുണ്ട്. ഗോട്ട് ടൂര്‍ എന്നു പേരിട്ടിരിക്കുന്ന പരാപാടിയ്ക്കുള്ള ടിക്കറ്റ് നിരക്കുകളും പുറത്തു വന്നിട്ടുണ്ട്. മുംബൈ ഒഴികെയുള്ള നഗരങ്ങളിലെ ടിക്കറ്റ് വില 4,500 മുതലാണ് ആരംഭിക്കുന്നത്. മുംബൈയില്‍ 8,250 മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
മിയാമിയില്‍ നിന്നു ദുബൈയില്‍ എത്തി അവിടെ നിന്നു ജറ്റ് വിമാനത്തിലാണ് മെസി കൊല്‍ക്കത്തയില്‍ എത്തുക. 13ന് പുലര്‍ച്ചെ 1.30നു എത്തുന്ന താരത്തിന്റെ ഔദ്യോഗിക പരിപാടികള്‍ രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്.
ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. നേരത്തെ 2011ലാണ് താരം ആദ്യമായി ഇന്ത്യന്‍ മണ്ണിലെത്തിയത്. അന്ന് കൊല്‍ക്കത്തയില്‍ വെനസ്വെലയ്‌ക്കെതിരായ സൗഹൃദ പോരാട്ടത്തിനാണ താരം എത്തിയത്.
പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍
ഡിസംബര്‍ 13 കൊല്‍ക്കത്ത
പുലര്‍ച്ചെ 1.30നു ഇന്ത്യയില്‍ വിമാനമിറങ്ങും.
9.30 മുതല്‍ 10.30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം.
10.30 മുതല്‍ 11.15 വരെ മെസിയുടെ പൂര്‍ണകായ ശില്‍പ്പത്തിന്റെ ഉദ്ഘാടനം.
11.15 നും 11.25 നും ഇടയില്‍ യുവ ഭാരതി സ്‌റ്റേഡിയത്തിലേക്ക്.
11.30 മുതല്‍ യുവ ഭാരതിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനുമൊത്തുള്ള പ്രോഗ്രാം.
ഉച്ചയ്ക്ക് 12.00 മുതല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ സൗരവ് ഗാംഗുലി എന്നിവരും മെസിയ്‌ക്കൊപ്പം സ്റ്റേഡിയത്തിലുണ്ടാകും.
12.00 മുതല്‍ 12.30 വരെ മെസിയെ ആദരിക്കല്‍, ആശയവിനിമയം.
ഉച്ചയ്ക്ക് 2 മണിയോടെ മെസി ഹൈദരാബാദിലേക്ക്.
ഡിസംബര്‍ 13 ഹൈദരാബാദ്
വൈകീട്ട് 7 മുതല്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ പോരില്‍ കളിക്കുന്നുണ്ട്.
ഇതിനു ശേഷം മെസിക്കായി സംഗീത നിശയും അരങ്ങേറും.
ഡിസംബര്‍ 14 മുംബൈ
വൈകീട്ട് 3.30നു ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ പഡല്‍ കപ്പ് പോരാട്ടം.
4.00 മണി മുതല്‍ സെലിബ്രറ്റി ഫുട്‌ബോള്‍ പോരാട്ടത്തിലും മെസിയുടെ സാന്നിധ്യമുണ്ടാകും.
5.00 മണി മുതല്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ചാരിറ്റി ഫാഷന്‍ ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
ഡിസംബര്‍ 15 ന്യൂഡല്‍ഹി
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച.
ഉച്ചയ്ക്ക് 1.30 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ മിനര്‍വ അക്കാദമിയിലെ താരങ്ങളുമായി ആശയവിനിമയം. ശേഷം മടക്കം.
