ഇ.ഡിക്കെതിരെ സോണിയയും രാഹുലും; ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ…

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹി ഹൈക്കോടതിയിൽ.

നിയമനടപടികളെ ദുരുപയോഗം ചെയ്താണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതെന്നും അതിനാൽ ഹർജി തള്ളണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇ.ഡി കുറ്റപത്രത്തിൽ കേസെടുക്കാൻ ഡൽഹിയിലെ റോസ് അവന്യൂ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ.ഡി ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഹർജി ഒക്ടോബർ 12-ന് പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചത്. സുബ്രഹ്മണ്യം സ്വാമി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഇ.ഡിക്ക് നേരിട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു വിചാരണ കോടതിയുടെ പ്രധാന നിരീക്ഷണം.

പി.എം.എൽ.എ. പട്ടികയിൽ ഉൾപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ. ഇല്ലാത്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ വിചാരണ കോടതി ഉത്തരവ് നിയമപരമായി തെറ്റാണെന്നാണ് ഹൈക്കോടതിയിൽ തുഷാർ മേത്ത വാദിച്ചത്.

സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാട് കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് സഹായകരമാകുമെന്നും ഇ.ഡി വാദിച്ചു.ഇതിന് മറുപടിയായി, സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വാദം.

പി.എം.എൽ.എ പ്രകാരം ഇ.ഡിക്ക് നടപടിയെടുക്കാൻ കഴിയുക രണ്ട് സാഹചര്യങ്ങളിലാണ് എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. പോലീസ് തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ഉണ്ടായിരിക്കുകയോ, നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പരാതി നൽകുകയോ വേണം. എന്നാൽ സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ പരാതിയിൽ ഈ രണ്ട് നിബന്ധനകളും പാലിച്ചിട്ടില്ലെന്നും സോണിയയും രാഹുലും കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതോടെ നാഷണൽ ഹെറാൾഡ് കേസിൽ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീലും അതിനെതിരായ സോണിയ-രാഹുൽ ഗാന്ധിമാരുടെ നിയമവാദങ്ങളും ഇനി ഡൽഹി ഹൈക്കോടതിയിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!