ദുബൈ: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനും ഋഷഭ് പന്തും റാങ്കിങ് താഴ്ന്നപ്പോള്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റഹ്മത്ത് ഷാ ചരിത്ര നേട്ടത്തിലെത്തി. ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ആദ്യത്തെ അഫ്ഗാന്‍ താരമായി റഹ്മത്ത് ഷാ.
ഷാര്‍ജയില്‍ സിംബാബ്വെക്കെതിരെ നടന്ന ഒന്നാം ടെസ്റ്റില്‍ താരം നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് റാങ്കിങ്ങില്‍ താരത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. 173 റണ്‍സിന്റെ മിന്നും പ്രകടനത്തോടെ, റഹ്മത് ഷാ ഏഴാം റാങ്കിലേക്ക് കുതിച്ചു.
റാങ്കിങ്ങില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യന്‍ താരങ്ങളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലാണുള്ളത്. പന്തിന് 713 റേറ്റിങ് പോയിന്റും ഗില്ലിന് 697 പോയിന്റാണുള്ളത്. ഇരുവരും പട്ടികയില്‍ ഓരോ സ്ഥാനം വീതം താഴേക്ക് ഇറങ്ങി. മറ്റൊരു ഇന്ത്യന്‍ താരമായ യശസ്വി ജയ്സ്വാള്‍ 13-ാം സ്ഥാനത്താണുള്ളത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് റാങ്കിങ്ങില്‍ മുന്നിലുള്ളത്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.
