November 12, 2026 Webdesk
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാകുന്നതിനിടെ, നിരാഹാര സമരം നടത്തിയിരുന്ന വളർമതി ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്.
നിലവിൽ ഐസിയുവിൽ കഴിയുന്ന വളർമതി, വാർഡിലേക്ക് മാറ്റിയാൽ മാത്രമേ ചികിത്സയുമായി സഹകരിക്കൂവെന്ന നിലപാടിലാണ്.
പൊലീസ് സമരപ്പന്തൽ പൊളിച്ചുനീക്കിയതിന് പിന്നാലെ വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രാത്രിയോടെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്യോഗാർഥികൾ കെട്ടിയിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയത്. പന്തൽ നീക്കുന്നതിന് മുന്നോടിയായി പൊലീസ് നോട്ടീസ് നൽകിയിരുന്നു. വളർമതിക്കെതിരെയും കേസെടുത്തിരുന്നു.
എന്നാൽ സമരപ്പന്തൽ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗാർഥികൾ. ബലപ്രയോഗത്തിലൂടെ യാണ് സമരക്കാരെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിപ്പിച്ച ശേഷമേ സമരം അവസാനിപ്പിക്കൂവെന്നും അവർ വ്യക്തമാക്കി.
ഹൈക്കോടതി നിർദേശപ്രകാരമാണ് സമരപ്പന്തൽ നീക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. സ്ഥിരം പന്തലാണ് പൊളിച്ചതെന്നും താൽക്കാലിക പന്തൽ നീക്കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെ പകരം ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പന്തൽ ഇല്ലെങ്കിലും സമരം തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
അതേസമയം, പൊലീസ് നടപടിക്ക് പിന്നാലെ സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രി ഒ.ജെ. ജനീഷിന്റെ ജാഥയുടെ ഫ്ലക്സുകൾ തകർത്തു. സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതിപക്ഷ നേതാവും പ്രസ്താവനയുമായി രംഗത്തെത്തി.
ഇതിനിടെ, വളർമതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലിൽ തുടരാനാണ് യുവമോർച്ച പ്രവർത്തകരുടെ തീരുമാനം. ഇന്നു മുതൽ യുവമോർച്ച പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
വളർമതിയുടെ അറസ്റ്റും സമരപ്പന്തൽ പൊളിച്ചുനീക്കലും എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ രാഷ്ട്രീയ മാനം നൽകുകയാണ്.
