കൂടുതൽ യുവാക്കൾ റബർ മേഖലയിലേക്ക് കടന്നുവരണം: എൻ. ഹരി

കാഞ്ഞിരപ്പള്ളി: പുതിയ തലമുറയെയും യുവാക്കളെയും റബർ കൃഷിയിലേക്കും അനുബന്ധ മേഖലകളിലേക്കും ആകർഷിക്കാൻ റബർ ബോർഡ് സമഗ്ര പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാൻ എൻ. ഹരി പറഞ്ഞു.

ചിറക്കടവ് മാതൃകാ റബർ ഉൽപ്പാദക സംഘത്തിൽ (ആർ.പി.എസ്) കാഞ്ഞിരപ്പള്ളി റീജണൽ ഓഫീസുമായി ചേർന്ന് സംഘടിപ്പിച്ച റബർ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടാപ്പിംഗിനെ മാന്യമായ തൊഴിൽ സംവിധാനമാക്കി മാറ്റി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും, ഉൽപ്പാദക സംഘങ്ങൾ വഴി തോട്ടങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനൊപ്പം തൊഴിലാളികളുടെ വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുന്ന സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലനം നേടിയ യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ. പദ്ധതികൾ വഴിയുള്ള സഹായവും വിപണന സൗകര്യങ്ങളും ഉറപ്പാക്കും.

റബർ വില 300 രൂപ കടന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും താങ്ങുവില ഉയർത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, 100 കോടി രൂപയുടെ പദ്ധതി വഴി കർഷകർക്ക് പ്രോസസ്സിംഗ് ഉപകരണങ്ങളും പുകപ്പുരകളും സബ്‌സിഡി നിരക്കിൽ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ചിറക്കടവ് മാതൃകാ ആർ.പി.എസ്. സെക്രട്ടറി ഷാജിമോൻ ജോസ് അധ്യക്ഷത വഹിച്ചു. റബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ടി. സിജു മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികളായ ടോണി മൈക്കിൾ, വി.എൻ. കൃഷ്ണപിള്ള, കെ.എസ്. ജോസഫ്, തോമസ് സേവ്യർ, പി.എൻ. റെജിമോൻ എന്നിവർ പ്രസംഗിച്ചു. റീജണൽ ഡെവലപ്‌മെന്റ് ഓഫീസർ സാലിക്കുട്ടി തോമസ് സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!