ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വികസിപ്പിച്ച പുതിയ ചെറു സബ്-ഓർബിറ്റൽ റോക്കറ്റ് ‘സോൾവ്’ (SOLVE – Sub-Orbital Launch Vehicle for Experiments) ആദ്യ ഭൂതല പരീക്ഷണത്തിൽ വിജയിച്ചു. ജൂലൈ 3-ന് രാവിലെ 10 മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ബഹിരാകാശ പരീക്ഷണങ്ങൾ കൂടുതൽ ചെലവുകുറഞ്ഞതും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് ‘സോൾവ്’ വികസിപ്പിച്ചത്.
ശാസ്ത്രീയ പരീക്ഷണങ്ങൾ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോൾവ്, പ്രത്യേകിച്ച് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിക്കുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്ന പാരച്യൂട്ട് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും വിലയിരുത്തുന്നതിനുള്ള പരീക്ഷണങ്ങൾക്ക് ഈ റോക്കറ്റ് ഉപയോഗിക്കും.
വലിയ വിക്ഷേപണ വാഹനങ്ങളെ ആശ്രയിക്കാതെ സബ്-ഓർബിറ്റൽ പരീക്ഷണങ്ങൾ സ്വതന്ത്രമായി നടത്താൻ സോൾവ് സഹായിക്കുന്നതോടെ പരീക്ഷണങ്ങളുടെ ചെലവും സമയവും ഗണ്യമായി കുറയ്ക്കാനാകും. ആദ്യ ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ, അടുത്ത ഘട്ടമായി യഥാർഥ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് ഐഎസ്ആർഒ ഉടൻ കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
