മുംബൈ : ഗണേശ വിഗ്രഹത്തിന് സമീപം സ്ഥാപിച്ച ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ തുറന്നത് അശ്ലീല വിഡിയോകളടങ്ങിയ ടെലഗ്രാം ഗ്രൂപ്പ്. മഹാരാഷ്ട്രയിലെ വാഷിമിലാണ് ഞെട്ടിക്കുന്ന സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഷിം നഗരത്തിലെ കാലെ ഫയൽ മേഖലയിലുള്ള ജയ് ഭവാനി ഗണേശോത്സവ മണ്ഡലത്തിലാണ് ക്യുആർ കോഡ് സ്കാനർ കണ്ടെത്തിയത്. സെപ്റ്റംബർ 18ന് ഗണേശ വിഗ്രഹത്തിന് സമീപം സംശയാസ്പദമായ രീതിയിൽ സ്ഥാപിച്ചിരുന്ന സ്കാനർ ഉത്സവ കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാ യിരുന്നു.
തുടർന്ന് കമ്മിറ്റി അംഗങ്ങൾ ക്യുആർ കോഡ് സ്കാൻ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അശ്ലീല വിഡിയോകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെട്ട ടെലഗ്രാം ഗ്രൂപ്പിലേക്കാണ് ക്യുആർ കോഡ് എത്തിച്ചത്. ഇതോടെ കമ്മിറ്റി അംഗങ്ങൾ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സെപ്റ്റംബർ 17ന് രാത്രി 11 മണിയോടെ മൂന്ന് യുവാക്കൾ രണ്ട് മോട്ടോർ സൈക്കിളുകളിലായി ഗണേശോത്സവ വേദിക്ക് സമീപം എത്തിയതായി ദൃശ്യങ്ങളിൽ കണ്ടെത്തി.
ഇവരിൽ ഒരാൾ ഗണേശ വിഗ്രഹത്തിന് സമീപം ക്യുആർ കോഡ് സ്ഥാപിക്കുന്നതും മറ്റൊരാൾ അത് പരിശോധിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തന്മയ് മുധൽ, യുഗാന്ദർ അഫ്യൂൺ, സുബോദ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
പണം സമ്പാദിക്കാനാണ് ക്യുആർ കോഡുകൾ സ്ഥാപിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഓരോ തവണയും ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ 10 മുതൽ 15 രൂപ വരെ ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു.ക്യുആർ കോഡുകൾ പ്രതികൾക്ക് എവിടെ നിന്നാണ് ലഭിച്ചത്, സ്കാനുകൾക്ക് പണം ലഭിക്കുന്ന സംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
വാഷിം നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, വാഷിം നഗരത്തിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് പുറത്തും സമാനമായ ക്യുആർ കോഡ് സ്കാനർ കണ്ടെത്തിയതായി വിവരമുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷണം തുടരുകയാണ്.
