ടെൽ അവീവ്: യെമനിലെ ഹൂതി വിമതരുടെ ഭീഷണി ശക്തമാകുന്നതിനിടെ സൗദി അറേബ്യ ഇസ്രയേലിന്റെ സഹായം തേടിയതായി റിപ്പോർട്ട്. ഹൂതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ആക്രമണ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുമുള്ള രഹസ്യാന്വേഷണ സഹായമാണ് സൗദി ആവശ്യപ്പെട്ടതെന്നാണ് ഇസ്രയേലി മാധ്യമമായ ‘ജറുസേലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) വഴിയാണ് ഇസ്രയേലുമായി പരോക്ഷമായി ബന്ധപ്പെടുന്നതെന്നാണ് റിപ്പോർട്ടിലെ വിവരം. ഹൂതികളുടെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളിലും മുന്നറിയിപ്പ് സംവിധാനങ്ങളിലും സഹകരണം ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹൂതികൾക്കെതിരായ ‘സമഗ്ര യുദ്ധത്തിൽ’ അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾക്ക് ഇസ്രയേൽ സഹായം വാഗ്ദാനം ചെയ്‌തതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞുവെന്ന് ലെബനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ചെങ്കടൽ മേഖലയിലെ ഹൂതികളുടെ സാന്നിധ്യം ശക്തമാകുന്നതിനിടെയാണ് ഈ നീക്കങ്ങൾ.
മോഖ തുറമുഖവും ബാബ് എൽ മാണ്ടെബ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതോടെ ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഭീഷണി വർധിച്ചിരിക്കുകയാണ്. സൗദിയുടെ എണ്ണ കയറ്റുമതിയിലും നിർണായക പങ്കുള്ള മേഖലയാണിത്.
ഹൂതികളെ നേരിടാനും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും സൗദി ബ്രിട്ടന്റെ സഹായവും തേടിയതായി ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി നേരത്തെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടിയിരുന്നെങ്കിലും സംഘർഷത്തിൽ നേരിട്ട് ഇടപെടാൻ യു.എസ്. തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സൗദിയും ഇസ്രയേലും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന് മറ്റൊരു രാഷ്ട്രീയ പ്രാധാന്യവും ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്താൻ യു.എസ്. ഏറെനാളായി ശ്രമിച്ചുവരികയാണ്. ഹൂതികൾക്കെതിരായ സഹകരണം ശക്തമാകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ സാഹചര്യം സൃഷ്ടിക്കുമോയെന്നതും ശ്രദ്ധേയമാണ്.
സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഓഗസ്റ്റിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ ഉടമ്പടിയുടെ പശ്ചാത്തലവും ഇപ്പോഴത്തെ നീക്കത്തിൽ ചർച്ചയാകുന്നുണ്ട്. കരാർ പ്രകാരം ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതികരിക്കണമെന്നാണ് വ്യവസ്ഥ.
ഹൂതികൾ ആക്രമണം തുടരുകയാണെ ങ്കിൽ കരാറിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഹൂതികളെ നേരിടാൻ പാകിസ്താൻ സൈന്യത്തെ സൗദിയിലേക്ക് അയച്ചേക്കുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചു.
എന്നാൽ, നിലവിൽ ഹൂതികൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് പരിഗണനയിലില്ലെന്ന് പാകിസ്താൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ഇസ്രയേലിൽ നിന്ന് രഹസ്യാന്വേഷണ, പ്രതിരോധ സഹായം തേടിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
