അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ കരുത്തരായ സ്‌പെയിനിനെ അട്ടിമറിക്കാനൊരുങ്ങിയ പ്രതിരോധപ്രകടനവുമായി ലോകകപ്പിലെ അരങ്ങേറ്റക്കാരായ കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ ഗോൾരഹിത സമനില (0-0) വഴങ്ങി സ്പാനിഷ് ടീം പോയിന്റ് പങ്കിട്ടപ്പോൾ, ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കേപ് വെർദെ ചരിത്രനേട്ടവും കുറിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിരോധത്തിന് മുൻതൂക്കം നൽകിയ കേപ് വെർദെ, സ്‌പെയിനിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുത്തു. പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും നിർണായക നിമിഷങ്ങളിൽ ഫിനിഷിങ് മികവ് പുറത്തെടുക്കാൻ സ്പാനിഷ് താരങ്ങൾക്ക് സാധിച്ചില്ല.
യൂറോ കപ്പ് ജേതാക്കളെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ സ്‌പെയിനിന് മുന്നേറ്റനിരയുടെ നിറംമങ്ങിയ പ്രകടനം വലിയ തിരിച്ചടിയായി. പ്രധാന സ്‌ട്രൈക്കർ മീക്കേൽ ഒയർസബാൽ മത്സരത്തിലുടനീളം സ്വാധീനം ചെലുത്താനാകാതെ പോയപ്പോൾ, പരിക്കിന്റെ പിടിയിലായ ലമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും അഭാവവും ടീമിനെ ബാധിച്ചു. മാർക്കോസ് ലൊറെന്റെ, മാർക്ക് കുക്കുറെയ്യ, പെഡ്രി, റോഡ്രി, ഫാബിയാൻ റൂയിസ് എന്നിവർ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അതിന് ഗോളെന്ന ഫലമുണ്ടായില്ല. മറുവശത്ത്, 40-കാരനായ ഗോൾകീപ്പർ വോസിന്യയുടെ തകർപ്പൻ സേവുകളാണ് കേപ് വെർദെയെ മത്സരത്തിൽ നിലനിർത്തിയത്.
39-ാം മിനിറ്റിൽ കുക്കുറെയ്യയുടെ ഹെഡറിൽ നിന്നെത്തിയ അവസരം ഫെറാൻ ടോറസ് ബാറിൽ തട്ടിച്ചു നഷ്ടപ്പെടുത്തി. പിന്നാലെ ലഭിച്ച റീബൗണ്ടിലും വോസിന്യ രക്ഷകനായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലപോർട്ടെയുടെ ഹെഡറും ഗോൾകീപ്പർ തട്ടിയകറ്റിയതോടെ സ്‌പെയിനിന്റെ നിരാശ വർധിച്ചു.
രണ്ടാം പകുതിയിൽ മത്സരം സജീവമാക്കാൻ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ ലമിൻ യമാലിനെയും പിന്നീട് നിക്കോ വില്യംസിനെയും ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. അവസാന വിസിൽ മുഴങ്ങുമ്പോൾ കേപ് വെർദെ പ്രതിരോധത്തിന്റെ കരുത്തിൽ വിലപ്പെട്ട സമനില ഉറപ്പിച്ചു.
2024 ഒക്ടോബറിന് ശേഷം ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ പകുതിയിൽ ഗോൾ നേടാൻ സ്‌പെയിനിന് സാധിക്കാത്ത ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതേസമയം, ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫേവറിറ്റ് ടീമിനെ തടഞ്ഞുനിർത്തിയതിന്റെ ആത്മവിശ്വാ സത്തിലാണ് കേപ് വെർദെ ക്യാംപ്.
