ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സാമ്പത്തിക വളർച്ചയ്ക്ക് രാഷ്ട്രീയ സ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും രാജ്യത്തെ വ്യാപാരികൾ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ ആരംഭിക്കണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പാകിസ്താനിലെ ബിസിനസ് രംഗത്തെ പ്രമുഖരും സംരംഭകരുമായ വ്യക്തികളുമായി നടത്തിയ ഒരു സംവാദ പരിപാടിയിൽ വച്ചാണ് ഷെഹബാസ് ഷെരീഫ് അഭിപ്രായം വ്യക്തമാക്കിയത്.
സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ പാകിസ്താൻ ബംഗ്ലാദേശും ആയി താരതമ്യം നടത്തണമെന്നും ഷെഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിലേക്ക് നോക്കുമ്പോഴാണ് പാകിസ്താന് സ്വയം ലജ്ജ തോന്നുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സ്ഥിരത അവിടെ വലിയ വ്യാവസായിക വളർച്ചയ്ക്ക് കാരണമായി. ഇന്ത്യയുമായും അവർ നല്ല വ്യാപാരബന്ധം വച്ചുപുലർത്തുന്നു. രാജ്യത്തെ വ്യാപാരികൾ ഇത് മാതൃകയാക്കണം എന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റോടെ രാജ്യത്ത് വലിയ രാഷ്ട്രീയ അസ്ഥിരത ഉണ്ടായതായി പാകിസ്താനിലെ പല വ്യവസായ പ്രമുഖരും സംവാദത്തിൽ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിലവിലെ പ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫ് കാണിക്കുന്ന ദൃഢനിശ്ചയത്തെ വ്യവസായികൾ അഭിനന്ദിച്ചു. ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കപ്പെട്ടതിനെതിരെ പാകിസ്താനിലെ വ്യവസായികൾക്കിടയിൽ വലിയ എതിർപ്പാണ് ഉയർന്നിട്ടുള്ളതെന്നും വ്യവസായ പ്രമുഖർ ചർച്ചയിൽ സൂചിപ്പിച്ചു.