ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന് കത്തുനൽകി. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നൽകിയത്. സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു.
സ്വകാര്യ ബസ് മേഖല നേരിടുന്ന നഷ്ടം പഠിക്കാനാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി മാതൃകയിൽ സർക്കാർ നിയന്ത്രണത്തിൽ സർവീസ് നടത്തണമെന്നാണ് ഉടമകളുടെ നിർദേശം. കെ.എസ്.ആർ.ടി.സി.യുടെ ബോർഡ് വെച്ച് സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താം. എന്നാൽ പെർമിറ്റും ഉടമസ്ഥാവകാശവും നിലവിലെ ഉടമകൾക്ക് തന്നെ തുടരും. ഡ്രൈവറെ നൽകാൻ ഉടമകൾ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
ബസിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് തുടങ്ങിയവയുടെ ഉത്തരവാദിത്വവും ഉടമകൾ ഏറ്റെടുക്കും. ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുകയും ഓരോ കിലോമീറ്ററിനും നിശ്ചിത തുക വാടകയായി നൽകുകയും വേണമെന്നാണ് പ്രധാന നിർദേശം. ഒരു കിലോമീറ്ററിന് ശരാശരി 55 രൂപയാണ് പ്രവർത്തനച്ചെല വെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ലാഭകരമായ നിരക്ക് വാടകയായി നിശ്ചയിക്കാമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
സമാനമായ കിലോമീറ്റർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിർദേശം നേരത്തെയും സ്വകാര്യ ബസ് സംഘടനകൾ മുന്നോട്ടുവച്ചിരുന്നു. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ വരുമാനം ഗണ്യമായി കുറഞ്ഞതായി ഉടമകൾ നേരത്തെ പരാതിപ്പെട്ടിരുന്നു. പദ്ധതിയുടെ ആഘാതം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അതേസമയം, പുതിയ നിർദേശത്തിൽ സർക്കാർ ഇതുവരെ പ്രതികരിക്കുകയോ ബസ് ഉടമകളെ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.
