ആലപ്പുഴ : നഗരത്തിലെ ഏക സർക്കാർ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് മൂലം സാധാരണക്കാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ജില്ലയിൽ 500 ൽ പരം ഒഴിവുകൾ ഉണ്ടായിട്ടും ഈ ഒഴിവുകൾ പി എസ് സി മുഖേനയോ , എംപ്ലോയ്മെൻ്റ് മുഖേനയോ നിയമനം നടത്താൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ലെന്ന് ഫെറ്റോ ജില്ലാ കമ്മിറ്റി ആരോപിച്ചു.
രോഗികൾക്ക് ചികിത്സ തേടുന്നതിനും, ലാബ് ഉൾപ്പെടെ ഉള്ള ടെസ്റ്റുകൾ ചെയ്യുന്നതിനുമായി വായോധികർ ഉൾപ്പെടെ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. പ്രൈവറ്റ് ലാബിൽ ഒന്നര മണിക്കൂർ കൊണ്ട് ലഭിക്കുന്ന റിസൾട്ടിന് ജനറൽ ആശുപത്രിയിൽ നിലവിൽ അഞ്ചു മണിക്കൂറോളം കാത്തു നിൽക്കണം. ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ എന്ന് ആരോഗ്യ മന്ത്രി പറയുമ്പോഴും കുട്ടനാട്ടിലെ പാവപ്പെട്ട കർഷക തൊഴിലാളികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ആലപ്പുഴ ജനറൽ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്.
ജീവനക്കാരുടെ കുറവ് മൂലം സമയബന്ധിതമായി മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്ത അവസ്ഥയാനുള്ളത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുവാൻ ഭരണകൂടം തയ്യാറാകുന്നില്ലെങ്കിൽ അതിശക്തമായ പ്രതിഷേധ, പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഫെറ്റോ ആലപ്പുഴ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
