ചിങ്ങമാസത്തിലെ അവസാന ഞായർ, ഗുരുവായൂരപ്പൻ്റെ തിരുനടയിൽ ഇന്ന് കല്യാണ മേളം

ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ 450ലേറെ വിവാഹങ്ങൾ നടക്കുന്നു. പുലർച്ചെ നാല് മണിയോടെ തന്നെ ഗുരുവായൂരിൽ കല്യാണമേളങ്ങൾക്ക് തുടക്കമായി. താലികെട്ടിനായി ആറ് കല്യാണ മണ്ഡപങ്ങളാണ് ഇന്ന് ഒരുങ്ങിയത്.

ഗുരുവായൂരിൽ വലിയ തോതിൽ വിവാഹങ്ങൾ നടക്കുന്നത് പുതുമയല്ല. ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങൾ ഇവിടെ നടന്നിരുന്നു.

ഓഗസ്റ്റ് 23ന് 416 വിവാഹങ്ങൾ നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ വിവാഹങ്ങളുടെ റെക്കോർഡായി മാറിയിരുന്നു. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റെക്കോർഡാണ് അന്ന് മറികടന്നത്. ഇന്നത്തെ വിവാഹത്തിരക്ക് കണക്കിലെടുത്ത് കൃത്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വധൂവരന്മാർക്ക് താലികെട്ടിനായി ഏകദേശം പത്ത് മിനിറ്റ് വീതം സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഷപൂജ, പന്തീരടി പൂജ തുടങ്ങിയ സമയങ്ങളിൽ മാത്രമായിരിക്കും വിവാഹച്ചടങ്ങുകൾക്ക് ഇടവേളയുണ്ടാകുക.

നേരത്തെ ഓഗസ്റ്റ് 23ന് ആറ് മണ്ഡപങ്ങളിലായി പുലർച്ചെ 4.10ന് ആരംഭിച്ച വിവാഹച്ചടങ്ങുകൾ ഉച്ചയ്ക്ക് 12.45 വരെ തുടർന്നിരുന്നു. അന്ന് 442 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും 416 വിവാഹങ്ങളാണ് പൂർത്തിയായത്.

വൻ വിവാഹത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തും നഗരത്തിലും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിൽ വീണ്ടും റെക്കോർഡ് വിവാഹത്തിരക്കിനാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!