പ്രസവചികിത്സയിൽ പിഴവ്: ആലപ്പുഴ സ്വദേശിനി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തത് മരണ ശേഷമെന്ന് ബന്ധുക്കളുടെ പരാതി…

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവചികിത്സയ്‌ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബ (29) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെത്തുടർന്നാണ് ഫേബയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ യുവതിയെ, ഇന്നലെ പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി. എന്നാൽ, ലേബർ റൂമിൽ പ്രവേശിപ്പിച്ച ശേഷം ഫേബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഡോക്ടർമാർ കൃത്യമായി കൈമാറിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.

നേരത്തെ നോർമൽ പ്രസവം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളായെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. യുവതി മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന ഞെട്ടിക്കുന്ന വിവരമാണ് ബന്ധുക്കൾ പിന്നീടറിഞ്ഞത്. കൃത്യസമയത്ത് ശസ്ത്രനടത്തിയിരുന്നെങ്കിൽ ഫേബയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അവർ പറയുന്നു.

യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും വിവരങ്ങൾ മറച്ചുവെച്ചുവെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. നിലവിൽ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!