ബെംഗളൂരു: ഭാര്യ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതി നെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു എച്ച്എഎൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഭിതിപുരയിലാണ് ചൊവ്വാഴ്ച രാത്രി ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ എം. രാഘവേന്ദ്രയും ഭാര്യ ശ്രുതിയുമാണ് മരിച്ചത്.
മദ്യപിച്ചെത്തിയ രാഘവേന്ദ്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ശ്രുതിയുമായി വഴക്കിട്ടതായാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ ഇയാൾ ബിയർ കുപ്പി ഉപയോഗിച്ച് ശ്രുതിയുടെ തലയ്ക്ക് അടിച്ചു. തുടർന്ന് പൊട്ടിയ കുപ്പിയുടെ ഭാഗം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.
ശ്രുതിയെ കൊലപ്പെടുത്തിയ ശേഷം രാഘവേന്ദ്ര വീട്ടിൽ തന്നെ ജീവനൊടുക്കി. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ഇരുവരെയും വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധന യിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് രാഘവേന്ദ്രയും ശ്രുതിയും. രാഘവേന്ദ്ര ഓട്ടോ ഡ്രൈവറായും ശ്രുതി വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ശ്രുതി ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്നതുമായിരുന്നു പ്രധാന തർക്കവിഷയം. ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം ശ്രുതി ഫോണിൽ ചെലവഴിക്കുന്നുവെന്ന് രാഘവേന്ദ്ര പരാതിപ്പെട്ടിരുന്നതായും നാട്ടുകാർ പറയുന്നു. അതേസമയം, രാഘവേന്ദ്രയുടെ അമിത മദ്യപാനത്തെച്ചൊല്ലിയും ശ്രുതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
സംഭവസമയത്ത് ദമ്പതികളുടെ രണ്ട് മക്കളും ദാവണഗെരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. ദമ്പതികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് രാഘവേന്ദ്രയുടെ മാതാപിതാക്കൾ താമസിച്ചിരുന്നത്.
സംഭവത്തിൽ എച്ച്എഎൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കത്തിന്റെ കൂടുതൽ വിവരങ്ങളും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
